പാക് അനുകൂലിയെന്ന് വിളിച്ചു; തകർപ്പൻ മറുപടിയുമായി വസീം ജാഫർ
|പാക്കിസ്താന്‍ പര്യടനമുപപേക്ഷിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ വസീം ജാഫര്‍ വിമര്‍ശിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ തന്നെ പാക് അനുകൂലിയെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ തകര്‍പ്പന്‍ മറുപടിയുമായി മുന്‍ ഇന്ത്യന്‍താരം വസീം ജാഫര്‍. 2007 ല്‍ പാക്കിസ്താനെതിരെ താന്‍ നേടിയ ഇരട്ടസെഞ്ച്വറി ഓര്‍മിപ്പിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. ന്യൂസിലാൻ്റിന് പുറമെ സുരക്ഷാഭീഷണികളെ തുടര്‍ന്ന് പാക് പര്യടനം ഉപേക്ഷിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് വസീം ജാഫര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍രംഗത്ത് വന്നത്.
'ഇംഗ്ലണ്ട് ക്രിക്കറ്റിനോട് നിരാശ പ്രകടിപ്പിക്കാന്‍ പാകിസ്താന് കാരണങ്ങളുണ്ട്. കോവിഡ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കേ വാക്സിന്‍ പോലുമെത്തുന്നതിന് മുമ്പ് അതൊന്നും വകവക്കാതെ പാക്കിസ്താന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടൊക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് പാകിസ്താനോട് കടപ്പാടുണ്ട്. ഏറ്റവും കുറഞ്ഞത് പരസ്പരമുള്ള പരമ്പരകളെങ്കിലും ഒഴിവാക്കരുതായിരുന്നു. മത്സരങ്ങളില്ലെങ്കില്‍ വിജയികളുമില്ല.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വസീം ജാഫറിന്‍റെ പ്രതികരണം പുറത്ത് വന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ മത്സരം നടന്നാല്‍ വസീം ജാഫര്‍ പാകിസ്താനെ പിന്തുണക്കും എന്ന് ട്വിറ്ററില്‍ കുറിച്ച രാജീവ് സിങ് റാത്തോഡ് എന്നയാളുടെ കമൻറിനാണ് വസീം ജാഫര്‍ മറുപടി നല്‍കിയത്.
2007 ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പാക്കിസ്ഥാനെതിരെ താന്‍ നേടിയ ഇരട്ടസെഞ്ച്വറിയുടെ സ്ക്രീന്‍ ഷോട്ട് പങ്കു വച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. ആ മത്സരത്തില്‍ 274 പന്തില്‍ 202 റണ്‍സാണ് വസീം ജാഫര്‍ നേടിയത്.