'ബയോബബ്ളില്‍ സുരക്ഷിതര്‍, ജനങ്ങളുടെ കാര്യത്തില്‍ ആശങ്ക': റിക്കി പോണ്ടിങ്
|ബയോ ബബിളിനുള്ളി ൽ കാര്യങ്ങൾ മെച്ചമാണ്. എന്നാൽ പുറത്തുള്ള ജനങ്ങളുടെ കാര്യത്തിലാണ് ആശങ്കയെന്നും പോണ്ടിങ് പറഞ്ഞു.
ഇന്ത്യയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുൻ ഓസീസ് ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് പരിശീലകനുമായ റിക്കി പോണ്ടിങ്. ആസ്ടേലിയയിലേക്ക് സ്വന്തം നിലയിൽ എത്താനാകും. ബയോ ബബിളിനുള്ളി ൽ കാര്യങ്ങൾ മെച്ചമാണ്. എന്നാൽ പുറത്തുള്ള ജനങ്ങളുടെ കാര്യത്തിലാണ് ആശങ്കയെന്നും പോണ്ടിങ് പറഞ്ഞു.
'ആസ്ട്രേലിയൻ താരങ്ങൾക്ക് എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്നാണ് ആശങ്ക. എന്നാൽ, ബയോബബിളിന് പുറത്ത് ഇന്ത്യ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ നിസ്സാരമാണ്. പുറത്ത് സംഭവിക്കുന്നതിനെക്കുറിച്ച് ആകുലതയിലാണ് ഞങ്ങൾ. ഇതിനിടയിലും ചെറുവിഭാഗം ജനങ്ങൾക്കെങ്കിലും ഐ.പി.എല്ലിലൂടെ സന്തോഷം പകരാൻ കഴിയുന്നത് അനുഗ്രഹമാണ് -ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ പോണ്ടിങ് പറഞ്ഞു.
ഇന്ത്യയിലേത് ഏറ്റവും ദുർബലമായ ബയോ ബബ്ൾ സംവിധാനമാണെന്ന് നേരത്തെ ആസ്ട്രേലിയന്‍ താരം ആദം സാമ്പ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്‍ സീസണ് പകുതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. കോവിഡ് മഹാമാരിക്കിടെ ഐപിഎല്ലില്‍ സജീവമായി തുടരുന്ന ഇംഗ്ലീഷ്, ഓസീസ് ക്രിക്കറ്റർമാർക്കെതിരെ മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗും രംഗത്ത് എത്തിയിരുന്നു.