സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ലോകമറിയുന്ന ക്രിക്കറ്ററിലേക്ക്; സിനിമ കഥപോലെ ഷമാർ ജോസഫിന്റെ ജീവിതം
|ജീവിത മാര്‍ഗമായിരുന്ന സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ക്രിക്കറ്റിന് പിറകെ. രണ്ട് വര്‍ഷം മുന്‍പ് എടുത്ത ഈയൊരു തീരുമാനം ഷമാറിന്റെ കരിയറില്‍ വഴിത്തിരിവായി.
27 വർഷം മുൻപ് ആസ്ത്രേലിയൻ മണ്ണിൽ അവസാനമായി വെസ്റ്റ് ഇൻഡീസ് വിജയം നേടുമ്പോൾ ഷമാർ ജോസഫ് ജനിച്ചിട്ടുപോലുമില്ല. രണ്ടര പതിറ്റാണ്ടിനിപ്പുറം ഗാബയിൽ ചരിത്രമെഴുതുമ്പോൾ വിൻഡീസ് ടീമിന്റെ വിജയ ശിൽപി ഈ 24 കാരനാണ്. ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ അത്ഭുത പ്രകടനം. ടെസ്റ്റ് റാങ്കിങിൽ എട്ടാം സ്ഥാനത്തുള്ള ഒരുടീമിന് തിരിച്ചു വരവിനുള്ള പ്രചോദനം കൂടിയായി ഗാബ വിജയം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സാന്നിധ്യമറിയിക്കാനുള്ള പോരാട്ടം കരീബിയൻ സംഘം ഇവിടെ തുടങ്ങി കഴിഞ്ഞു.
ആരാണ് വിൻഡീസിന്റെ പുതിയ താരോദയം ഷമാർ ജോസഫ്
മനുഷ്യവാസം ഏറ്റവും കുറവുള്ള കരീബിയൻ ദ്വീപായ ഗയാനയിൽ നിന്നാണ് ഷമാർ ജോസഫിന്റെ വരവ്. അടിസ്ഥാന സൗകര്യത്തിൽ വളരെ പിന്നിലുള്ള ബരകാറ ഗ്രാമം. നാലു വർഷം മുമ്പാണ് ഇവർക്ക് ഇന്റർനെറ്റ് ലഭ്യമായത് പോലും. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടും കൃഷി ചെയ്തും കഴിഞ്ഞുപോകുന്ന ജനത. മറ്റു ദ്വീപുകാരെപ്പോലെ ക്രിക്കറ്റ് ജ്വരം തീരെയില്ലാത്ത പ്രദേശം. പന്തിന് പകരം പഴങ്ങൾ ഉപയോഗിച്ചും പ്ലാസ്റ്റ്ക് കുപ്പികൾ ഉരുക്കി പന്തിന്റെ രൂപത്തിലാക്കിയും ക്രിക്കറ്റ് കളിച്ചിരുന്നവർ. പരിശീലനമൊന്നും ലഭിക്കാനുള്ള സാഹചര്യമില്ലാത്തയിടം. എന്നാൽ ഇതൊന്നും യുവതാരത്തിന്റെ സ്വപ്നങ്ങൾക്ക് തടസമായില്ല.
ജീവിത മാർഗമായിരുന്ന സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ക്രിക്കറ്റിന് പിറകെ. രണ്ട് വർഷം മുൻപ് എടുത്ത ഈയൊരു തീരുമാനം ഷമാറിന്റെ കരിയറിൽ വഴിത്തിരിവായി. വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷപ്പേർഡിനെ കണ്ടുമുട്ടിയതോടെ ക്രിക്കറ്റിൽ വിദഗ്ധ പരിശീലനത്തിന് അവസരമൊരുങ്ങി. കഴിഞ്ഞ വർഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. അസാധ്യ പേസും ബൗൺസറും താരത്തെ സെലക്ടർമാരുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ആഭ്യന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ട ഒറ്റ വർഷത്തിനുള്ളിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള വിൻഡീസ് ടീമിലേക്കുമെത്തിച്ചു.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി വരവറിയിച്ചു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റും കളിയിൽ അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ കളിക്കാരനായി. ഒടുവിൽ ചരിത്രവിജയത്തിലേക്ക് സ്വന്തം ടീമിനെയെത്തിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ഷമാറിന്റെ വഴിയേ കൊച്ചു ദ്വീപിൽ നിന്ന് ഇനിയും നിരവധി താരങ്ങളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.