ഫൈനലിൽ മഴ പെയ്താൽ എന്ത് സംഭവിക്കും? ആര് ജയിക്കും?
|നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്
അഹമ്മദാബാദ്: ഐ.പി.എൽ 16ാം പതിപ്പിലെ ചാമ്പ്യന്മാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, അവർക്ക് മുന്നിൽ നിൽക്കുന്നത് സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്.
എം.എസ് ധോണിയുടെ നേതൃത്വത്തിൽ നാല് തവണ ട്രോഫി നേടിയിട്ടുണ്ട് ചെന്നൈ. എന്നിരുന്നാലും, കാലാവസ്ഥയെക്കുറിച്ച് അൽപ്പം ആശങ്കയുണ്ട്, പ്രത്യേകിച്ച് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇവിടെ മഴ പെയ്തതിന് ശേഷം. ക്വാളിഫയർ ഒന്നില്‍ ഇരുടീമുകളും കൊമ്പുകോർത്തപ്പോൾ, ധോണിപ്പട അനായാസമായി വിജയിച്ചിരുന്നു. മത്സരത്തിനിടെ മഴ പെയ്താല്‍ ഇരു ടീമുകള്‍ക്കും കടുത്ത സമ്മര്‍ദമുണ്ടാകും. പ്രത്യേകിച്ചും ഓവറുകള്‍ വെട്ടിക്കുറച്ചാല്‍. 2022ലേത് പോലെ ഈ സീസണിലെ ഫൈനലിനും റിസര്‍വ് ഡേ യുണ്ട്.
തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ. ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ കളിക്കാന്‍ പറ്റാത്ത നിലയിലാണെങ്കിലെ റിസര്‍വ് ഡേയിലേക്ക് എത്തൂ. ഇനി മഴമൂലം തടസ്സപ്പെട്ടാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് ആധികമായി ലഭ്യമാകുകയും ചെയ്യും. അതേസമയം ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്തിന് ചെന്നൈയുടെ ശക്തമായ ബാറ്റിങ് നിരയെയും ക്യാപ്റ്റൻ ധോണിയുടെ തന്ത്രങ്ങളെയും മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കുന്നത്. എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. ബാറ്റിങ് മികവിൽ ശുഭ്മാൻ ഗില്ലെന്ന ഒറ്റയാൾ പോരാളി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
ബാറ്റിങ് പോലെ ശക്തമാണ് ഗുജറാത്തിന്റെ ബൗളിങ് നിരയും. മുഹമ്മദ് ഷമിയും മോഹിത് ശർമയും റാഷിദ് ഖാനും ഗുജറാത്തിന് പ്രതീക്ഷയേകുന്നു . ഹർദിക് പാണ്ഡ്യയോ എം.എസ് ധോണിയോ? ഐ.പി.എൽ പതിനഞ്ചാം സീസണിൽ ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. അതേസമയം അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. ഇതോടെ മത്സരം ആരംഭിക്കുന്നത് വൈകാനിടയുണ്ട്.