Cricket
Rinku singh- indian t20 team Against Westindies

റിങ്കു സിങ്

Cricket

എവിടെ റിങ്കു സിങ്? വിൻഡീസിനെതിരായ ടി20 ടീമിലില്ല; അസാന്നിധ്യം കൊണ്ടും ശ്രദ്ധേയം

Web Desk
|
6 July 2023 2:24 AM GMT

നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ റിങ്കുവിന് ഉറപ്പായും ടീമിലിടം ലഭിക്കുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് മുമ്പെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റർ റിങ്കു സിങിന്റെ പേര് സജീവമായിരുന്നു. താരത്തിന്റെ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ റിങ്കുവിന് ഉറപ്പായും ടീമിലിടം ലഭിക്കുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാൽ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ പുതിയ ടീം പ്രഖ്യാപിച്ചപ്പോൾ റിങ്കി സിങിന് ഇടം നേടാനായില്ല.

ഇതോടെയാണ് റിങ്കു സിങ് എവിടെ എന്ന ചോദ്യവുമായി ക്രിക്കറ്റ് പ്രേമികൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. മുംബൈ ഇന്ത്യൻസിനായി മികവ് പുറത്തെടുത്ത തിലക് വർമ്മ, രാജസ്ഥാനായി തിളങ്ങിയ യശ്വസി ജയ്‌സ്വാൾ എന്നിവർ ടീമിൽ ഇടം നേടിയപ്പോഴാണ് പ്രകടന മികവ് കൊണ്ട് ഇവർക്കൊപ്പമെത്തിയ റിങ്കു സിങിന്റെ അസാന്നിധ്യം ശ്രദ്ധേയമായത്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തക്കായി ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്തത് റിങ്കുവായിരുന്നു. 14 മത്സരങ്ങളിൽ നേടിയത് 400 റൺസ്. ഒരോവറിൽ അഞ്ച് സിക്‌സറുകൾ പായിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചവനാണ് റിങ്കു.

റിങ്കുവിന്റെ മനോഹര ഫിനിഷിങും കായിക പ്രേമികളുടെ മനംകവർന്നു. റിങ്കു ക്രീസിലുള്ളപ്പോൾ ഏത് സ്‌കോറും പിന്തുടരാനാകും എന്ന് കളി കാണുന്നവരെ തോന്നിപ്പിക്കും വിധമുള്ള പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത്. റിങ്കുവിനെ തഴഞ്ഞതിൽ അമർഷം പ്രകടമാക്കുന്നുമുണ്ട് ആരാധകർ. അതേസമയം സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരെയും ടീമിൽ കണ്ടില്ല. പരിഗണിക്കാതിരുന്നതാണോ അതോ വിശ്രമം കൊടുത്തതാണോ എന്നൊന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ഒരു പുതിയ ടീം കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇരുവരെയും ഇനി അധികം ടി20 ടീമിൽ കണ്ടേക്കില്ല. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പോടെ രോഹിത് ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്നുവരെ പറയപ്പെടുന്നുണ്ട്. നിലവിൽ 36കാരനായ രോഹിത് അന്താരാഷ്ട്ര ടി20 കരിയർ അവസാനിപ്പിക്കും എന്നും ഉറപ്പാണ്. എന്നാൽ കോഹ്‌ലിയെ ടി20 ഫോർമാറ്റിൽ ഏതാനും വർഷങ്ങൾ കൂടി കണ്ടേക്കാം. മറ്റുള്ളവരെക്കാള്‍ കോഹ്‌ലിയുടെ ഫിറ്റ്നസ് അപാരമാണ്.

Similar Posts