രാഹുലും സച്ചിനും ചേർന്നൊരു രച്ചിൻ; ഇതാ ഒരു 'ഇന്ത്യന്‍' കിവി താരോദയം
|2019 ലോകകപ്പിലെ ഇംഗ്ലീഷ്-കിവീസ് നാടകീയ ഫൈനൽ ബംഗളൂരുവിലെ തറവാട്ടുവീട്ടിലിരുന്നാണു താൻ കണ്ടതെന്ന് രച്ചിൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു
അഹ്മദാബാദ്: പരിക്കിന്റെ പിടിയിലായ മൈക്കൽ ബ്രേസ്‌വെല്ലിന്‍റെ ഒഴിവിൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കുന്നു. സൂപ്പർ താരം കെയിൻ വില്യംസന്റെ അഭാവത്തില്‍ 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന്‍റെ ആദ്യ ഇലവനിലും കയറിപ്പറ്റുന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം.
സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേരിൽനിന്നു കടംകൊണ്ട് സ്വന്തം മകന് രച്ചിൻ രവീന്ദ്ര എന്നു പേരിടുമ്പോൾ ആ ഇന്ത്യൻ ദമ്പതിമാർ ഇങ്ങനെയൊരു നിമിഷം സ്വപ്‌നത്തിലെങ്കിലും കണ്ടുകാണുമോ!? കിവീസ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇന്ത്യൻ സ്പിൻ പാരമ്പര്യത്തിന്റെ കരുത്തിൽ കടന്നുകയറിയ ഒരു പയ്യൻ ക്രിക്കറ്റ് ലോകത്തിനുമുന്നിൽ ഒരു ബാറ്റിങ് വിസ്മയമായി നിറഞ്ഞാടുകയായിരുന്നു ഇന്ന് അഹ്മദാബാദിൽ.
രച്ചിന്റെ പിതാവ് രവീന്ദ്ര കൃഷ്ണമൂർത്തി ബംഗളൂരു സ്വദേശിയാണ്. സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും കടുത്ത ആരാധകൻ. അങ്ങനെയാണ് രണ്ടു പേരുടെയും പേരിൽനിന്ന് ഒരു ഭാഗം കൂട്ടിച്ചേർത്ത് മകനു പുതിയൊരു പേരിടുന്നത്. രച്ചിൻ ജനിക്കുന്നതും ബംഗളൂരുവിലായിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രവീന്ദ്ര പിന്നീട് കുടുംബസമേതം ന്യൂസിലൻഡിലേക്കു കുടിയേറുകയായിരുന്നു. അങ്ങനെയാണ് ന്യൂസിലന്‍ഡ് ആഭ്യന്തര ക്രിക്കറ്റിലെ സ്പിന്‍ മികവില്‍ കിവി ദേശീയ ക്രിക്കറ്റ് ടീമിലേക്കു വിളിയെത്തുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, 2019 ലോകകപ്പിലെ ഇംഗ്ലീഷ്-കിവീസ് നാടകീയ ഫൈനൽ ബംഗളൂരുവിലെ തറവാട്ടുവീട്ടിലിരുന്നാണു താൻ കണ്ടതെന്നു രച്ചിൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
റെക്കോർഡുകൾ കടപുഴക്കിയ കൂട്ടുകെട്ട്
ഡേവൻ കോൺവേയും രച്ചിൻ രവീന്ദ്രയും ചേർന്ന് ലോകകപ്പ് ചരിത്രത്തിലെ അതിവേഗ റൺചേസാണ് അഹ്മദാബാദിൽ കുറിച്ചിട്ടുള്ളത്. വെറും 36.2 ഓവറിൽ അവർ 283 എന്ന ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം മറികടന്നു; ശരിക്കുമൊരു ടി20 മോഡിൽ. വെറും 214 പന്ത് നേരിട്ടാണ് കോൺവേയും രച്ചിനും ചേർന്ന് രണ്ടാം വിക്കറ്റിൽ 273 റൺസ് അടിച്ചുകൂട്ടിയത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്ന്.
ലോകകപ്പിൽ ന്യൂസിലൻഡിനു വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി തികച്ച താരമായി ഡേവൻ കോൺവേ. 15 മിനിറ്റ് ആയുസേ അതിനുണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ രച്ചിൻ കോൺവേയുടെ റെക്കോർഡും തട്ടിയെടുത്തു. വെറും 83 പന്തിലായിരുന്നു യുവതാരത്തിന്റെ ശതകം.
ലോകകപ്പ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമായി രച്ചിൻ. വിരാട് കോഹ്ലിക്കും ആൻഡി ഫ്‌ളവറിനും പിന്നിലാണ് 23കാരന്റെ സ്ഥാനം. ഇതോടൊപ്പം ലോകകപ്പിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ന്യൂസിലൻഡുകാരനെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
ഇങ്ങനെയും ഒരു പകരംവീട്ടൽ!
2019ൽ ലോർഡിൽ നടന്ന ഫൈനലിന്റെ കണക്ക് അഹ്മദാബാദിൽ പുതിയ ലോകകപ്പിന്റെ ഉദ്ഘാടനപ്പോരിൽ തീർത്തു കിവികൾ. നിലവിലെ ചാംപ്യന്മാരെ ഒൻപതു വിക്കറ്റിനു നിലംപരിശാക്കി ലോകകപ്പ് പടയോട്ടത്തിനു തുടക്കമിട്ടിരിക്കുന്നു കിവികൾ. ഡേവൻ കോൺവേയും(152*) രചിൻ രവീന്ദ്രയും(123*) ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ടിൽ ഇംഗ്ലീഷ് സംഘത്തിന് മറുപടിയേതുമുണ്ടായിരുന്നില്ല. 82 പന്ത് ബാക്കിനിൽക്കെയാണ് ഇരുവരും ചേർന്ന് ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഏകപക്ഷീയമായി മറികടന്നത്.
രണ്ടാം ഓവറിൽ ഓപണർ വിൽ യങ് പുറത്തായ ശേഷം ഒന്നിച്ച ഇടങ്കയ്യൻ സഖ്യം ഇംഗ്ലീഷ് ബൗളർമാർക്കുമേൽ അഴിഞ്ഞാടുന്നതാണ് അഹ്മദാബാദ് സ്റ്റേഡിയത്തിൽ കണ്ടത്. ഇംഗ്ലണ്ട് നാകൻ ജോസ് ബട്‌ലർ ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് ഒരിക്കലും ആ ഉറച്ച കൂട്ടുകെട്ട് പൊളിക്കാനായില്ല. കഴിഞ്ഞ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽനിന്നു കിരീടം തട്ടിപ്പറിക്കപ്പെട്ട മറക്കാനാകാത്ത അനുഭവത്തിനു കണക്കുതീർക്കുന്ന പോലെയായിരുന്നു ന്യൂസിലൻഡിന്റെ പ്രകടനം.
മാർക് വുഡിന്റെയും ക്രിസ് വോക്‌സിന്റെയും തീപ്പൊരി പന്തുകളെ യുവതാരം രചിൻ രവീന്ദ്ര ഒട്ടും കൂസലില്ലാതെ നേരിടുന്ന കാഴ്ചയായിരുന്നു അതിമനോഹരം. മറുവശത്ത് കോൺവേ രചിന് മികച്ച പിന്തുണയും നൽകി.
ആദ്യം ആക്രമിച്ചു കളിച്ചതും അർധശതകം തികച്ചതും രചിനായിരുന്നെങ്കിൽ കോൺവേ പതുക്കെ ഗിയർ മാറ്റി. പിന്നീടങ്ങോട്ട് ബാറ്റൺ കോൺവേ ഏറ്റെടുത്തു. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് അതിമനോഹരമായൊരു ബാറ്റിങ് വിരുന്നൊരുക്കി കോൺവേ. തുടക്കക്കാരന്റെ ഒരു പതർച്ചയുമില്ലാതെ ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ട് വിസ്മയിപ്പിച്ചു രചിനും. 121 പന്തിലാണ് കോൺവേ 152 റൺസടിച്ചതെങ്കിൽ രചിൻ 96 പന്ത് മാത്രം നേരിട്ട് 123 റൺസും സ്വന്തമാക്കി ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കി. 19 ബൗണ്ടറിയും മൂന്ന് സിക്‌സറും കോൺവേയുടെ ഇന്നിങ്‌സിനു മിഴിവേകി. രചിന്റെ ബാറ്റിങ് ഷോയ്ക്ക് 11 ബൗണ്ടറിയും അഞ്ച് സിക്‌സറും അകമ്പടിയേകുകയും ചെയ്തു.
Summary: Who Is Rachin Ravindra - New Zealand's Cricket World Cup 2023 Hero Named After Rahul Dravid And Sachin Tendulkar