അടിസ്ഥാന വില 20 ലക്ഷം, ചെന്നൈ തൂക്കിയത് 8.40 കോടിക്ക്, എന്താണ് സമീർ റിസ്വിക്ക് ഇത്ര പ്രത്യേകത ?
|ഡൽഹി ക്യാപ്പിറ്റൽസ് റിസ്വിക്കായി രംഗത്ത് വന്നു. പക്ഷേ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്ന ചെന്നൈ 8.4 കോടി രൂപയ്ക്ക് യുവതാരത്തെ ടീമിലെത്തിച്ചു
മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഇത്തവണത്തെ ഐപിഎൽ താരലേലത്തിലും വമ്പൻ വില നേടി ഞെട്ടിച്ചിരിക്കുകയാണ് ചില അൺക്യാപ്പ്ഡ് യുവ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികവ് തെളിയിച്ചു കഴിഞ്ഞ വമ്പൻ താരങ്ങളേക്കാൾ ഉയർന്ന തുകയാണ് ചില അൺ ക്യാപ്പ്ഡ് കളിക്കാർക്ക് ഇക്കുറി ലേലത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ആ പട്ടികയിൽ ഏവരേയും ഞെട്ടിച്ച താരമാണ് ഉത്തർപ്രദേശുകാരനായ സമീർ റിസ്വി. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.40 കോടിക്കാണ് ചെന്നൈ സ്വന്തമാക്കിയത്.
ആരാണ് സമീർ റിസ്വി?
ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് റിസ്വി. മെതാനത്ത് ബാറ്റിംഗ് വെടിക്കെട്ടുകൾ തീർക്കുന്നതാണ് ഇഷ്ടം. തന്റെ ഇരുപതാം വയസ്സിൽ തന്നെ വലംകൈയ്യൻ സുരേഷ് റെയ്ന എന്ന പേര് നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. പ്രധാനമായും സ്പിൻ ബോളർമാരെ ആക്രമിച്ചാണ് റിസ്വി തന്റെ കരിയർ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ ചെന്നൈ കച്ചക്കെട്ടി ഇറങ്ങിയത്.
കാൻപൂർ സൂപ്പർ സ്റ്റാർസ് ടീമിന് വേണ്ടി യുപി ലീഗിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 455 റൺസുമായി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനാണ് റിസ്വി. ലീഗ് ഫൈനലിൽ 50 പന്തിൽ നിന്ന് 84 റൺസ് നേടി യുപിയെ ടൂർണമെന്റിൽ ജയിപ്പിക്കാൻ സഹായിച്ചു. റിസ്വിയുടെ ബാറ്റിംഗ് മികവ് കണ്ട് പഞ്ചാബ് കിംഗ്സ് ഉൾപ്പെടെ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികള് അദ്ദേഹത്തെ ട്രയൽസിന് ക്ഷണിച്ചിരുന്നു. എന്നാൽ യുപിയിലെ അണ്ടർ 23 സ്ക്വാഡുമായുള്ള മുൻകൂർ പ്രതിബദ്ധത കാരണം റിസ്വിക്ക് ട്രയൽസ് ഉപേക്ഷിക്കേണ്ടി വന്നു. അണ്ടർ 23 ടീമുകളുമായുള്ള തന്റെ കന്നി മത്സരത്തിൽ, 65 പന്തിൽ 91 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് അദ്ദേഹം തന്റെ കഴിവ് കാണിച്ചത്.
യുപി ലീഗിൽ ഏറ്റവും വേഗതയിൽ സെഞ്ച്വറി സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ഈ ഇരുപതുകാരന്റെ പേരിലാണ്. ട്വന്റി20 ക്രിക്കറ്റിലെ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 134.70 ആണ്. 49 റൺസ് ശരാശരിയിലാണ് റിസ്വി തന്റെ കരിയർ പടുത്തുയർത്തിയത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സിക്സറുകൾ പറത്തുന്നതിലാണ് റിസ്വിയുടെ ശ്രദ്ധ. ബൗണ്ടറികളേക്കാൾ കൂടുതൽ സിക്സറുകളാണ്. ഇതുതന്നെയാവണം ഫ്ളെമിങ്ങിന്റെയും ധോണിയുടെയും കണ്ണിലുടക്കിയത്.
അണ്ടർ 23 ലിസ്റ്റ് ക്രിക്കറ്റിൽ കേവലം 6 ഇന്നിങ്സുകളിൽ നിന്ന് ഈ യുവതാരം നേടിയത് 454 റൺസാണ്. 29 ബൗണ്ടറികളും 37 സിക്സറുകളുമാണ് താരത്തിന്റെ സമ്പാദ്യം. 9 ടി20 ഇന്നിംഗ്സുകളിൽ നിന്ന് റിസ്വി നേടിയത് 485 റൺസായിരുന്നു. ഇതിൽ 35 ബൗണ്ടറികളും 38 സിക്സറുകളും ഉൾപ്പെടുന്നു.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റിസ്വിക്കായി ആദ്യം രംഗത്ത് വന്നത് ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയായിരുന്നു. പിന്നീട് ഗുജറാത്ത് ടൈറ്റൻസ് രംഗത്ത് വരികയും ലേലം മുറുകുകയും ചെയ്തു. എത്ര വില കൊടുത്തും റിസ്വിയെ സ്വന്തമാക്കുക എന്നതായിരുന്നു ചെന്നൈയുടെ ലക്ഷ്യം. ഇതിനിടയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് റിസ്വിക്കായി രംഗത്ത് വന്നു. പക്ഷേ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്ന ചെന്നൈ 8.4 കോടി രൂപയ്ക്ക് യുവതാരത്തെ ടീമിലെത്തിച്ചു.