Cricket
ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ? സഞ്ജു സാംസൺ ട്രെൻഡിങ്
Cricket

ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ? സഞ്ജു സാംസൺ ട്രെൻഡിങ്

Web Desk
|
27 July 2023 5:12 AM GMT

അനുഭവസമ്പത്തുള്ളവരും അല്ലാത്തവരുമായി ഒത്തിരി താരങ്ങളാണ് അവസരം കാത്ത് നിൽക്കുന്നത്.

പോർട്ട്ഓഫ്‌സ്‌പെയിൻ: വെസ്റ്റ്ഇൻഡീസിനെതിരെ ഏകദിന പരമ്പരക്ക് ഇന്ത്യ ഒരുങ്ങുമ്പോൾ ട്വിറ്ററിൽ(എക്‌സ്)ട്രെൻഡിങായി മലയാളി താരം സഞ്ജു വി സാംസൺ. ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ മികവ് തെളിയിച്ച് സ്ഥാനം ഉറപ്പിക്കാനുള്ള പരമ്പരകളാണ് ഓരോന്നും . അനുഭവ സമ്പത്തുള്ളവരും അല്ലാത്തവരുമായി ഒത്തിരി താരങ്ങളാണ് അവസരം കാത്ത് നിൽക്കുന്നത്.

അതിലൊരാളാണ് സഞ്ജു സാംസൺ. താരത്തിന് ഇന്ന് നടക്കുന്ന ഏകദിനത്തിന് ഒരുപക്ഷേ അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലാകും സഞ്ജുവിന്റെ സ്ഥാനം. അങ്ങനെ വന്നാൽ ഇഷൻ കിഷനുമായിട്ടാകും മത്സരം. ഇവരിൽ ആർക്കെങ്കിലും ഒരാൾക്കെ അവസരം ലഭിക്കൂ. രണ്ട് കൂട്ടരുടെയും ആരാധകർ കണക്കുകളുമായി രംഗത്തുണ്ട്. കിഷനാണ് ഇന്ത്യക്കായി കൂടുതൽ കളിച്ചത്. പതിനാല് ഏകദിനങ്ങളിൽ കിഷൻ ഭാഗമായപ്പോൾ സഞ്ജുവിന് പതിനൊന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളൂ. ഇരട്ട ശതകമാണ് കിഷനെ വേറിട്ട് നിർത്തുന്നത്.

സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്‌കോർ 86 റൺസും. എന്നാൽ ബാറ്റിങ് ആവേറജിൽ സഞ്ജുവിനാണ് മുൻതൂക്കം. 66 ആണ് സഞ്ജുവിന്റെ ആവറേജ്. കിഷന്റേതാകട്ടെ 42.5ഉം. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വേഗത്തിൽ അർധ സെഞ്ച്വറി നേടി കിഷൻ ഫോമിൽ നിൽക്കുകയാണ്. അതേസമയം മധ്യനിരയിലേക്ക് സഞ്ജുവിനെ പരിഗണിക്കാനും സാധ്യതയുണ്ട്. പരിക്ക് അലട്ടുന്ന ശ്രേയസ് അയ്യരുടെ ഒഴിവിലേക്കാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ആസ്‌ട്രേലിയൻ പരമ്പരയിൽ തുടർച്ചയായി ഗോൾഡൻ ഡക്കായ സൂര്യയെ മാറ്റി സഞ്ജുവിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.

അവസാന അഞ്ച് ഏകദിനങ്ങളിൽ സൂര്യയെക്കാൾ മികവ് സഞ്ജുവിനുണ്ട്. ഇന്ത്യക്ക് എന്നും തലവേദനയാകുന്ന മധ്യനിരയിലെ വിടവ് നികത്താൻ സഞ്ജുവിന് ആകുമെന്ന വിലയിരുത്തലു ശക്തം. എന്നാൽ സൂര്യയെ ഒഴിവാക്കിയുള്ള പരീക്ഷണത്തിന് ഇന്ത്യ മുതിരുമോ എന്ന് ഉറപ്പില്ല. കിഷനെക്കാൾ മുൻഗണന നൽകേണ്ടത് സഞ്ജുവിനാണെന്ന അഭിപ്രായവും ശക്തമാണ്. മുൻ ഇന്ത്യൻ താരം വസീം ജാഫർ ഈ പക്ഷക്കാരനാണ്.

സഞ്ജുവിന്റെ പഴകാല വീഡിയോകളൊക്കെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ബാർബഡോസിലെ കെനിങ്സ്റ്റൺ ഓവലിൽ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. രോഹിത്, കോഹ്ലി, ശുഭ്മാൻ ഗിൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവർക്കൊക്കെ സ്ഥാനം ഉറപ്പാണ്.

Similar Posts