ഡല്‍ഹിയോ അതോ കൊല്‍ക്കത്തയോ? ഫൈനലില്‍ ചെന്നൈയുടെ എതിരാളിയാര്, ഇന്ന് അറിയാം
|ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ഡൽഹി ക്യാപിറ്റൽസ്, യുഎഇ എഡിഷനിൽ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ കൊൽക്കത്തയെ നേരിടുന്നു എന്നതാണ് വിശേഷണം
ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഷാർജയിലാണ് മത്സരം. വെള്ളിയാഴ്ച്ച നടക്കുന്ന കലാശപ്പോരിലേക്ക് യോഗ്യത നേടാൻ ഇന്നാണ് അവസാന ടിക്കറ്റ്.
ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ഡൽഹി ക്യാപിറ്റൽസ്, യുഎഇ എഡിഷനിൽ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ കൊൽക്കത്തയെ നേരിടുന്നു എന്നതാണ് വിശേഷണം. ആദ്യ ക്വാളിഫയറിൽ ചെന്നൈയോടേറ്റ തോൽവിയിൽ നിന്നും ഡൽഹിക്ക് കരകയറണം. ബാറ്റർമാരും ബൗളർമാരും നന്നായി കളിക്കുന്നുണ്ടെങ്കിലും നിർണായക മത്സരങ്ങളിൽ കാലിടറുന്നതാണ് ഡൽഹിക്ക് തലവേദന.
ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസ് പരിക്കിൽ നിന്നും മുക്തനായാൽ ടോം കറന്‍ ബെഞ്ചിലിരിക്കേണ്ടി വരും. സ്റ്റീവ് സ്മിത്തിനെ തിരികെയെത്തിക്കുമോയെന്നും കണ്ടറിയണം. അശ്വിൻ വിക്കറ്റ് വീഴ്ത്താത്തതും ഡൽഹിക്ക് തലവേദനയാണ്. മറുവശത്ത് ഒത്തിണക്കത്തോടെ കളിക്കുന്ന കൊൽക്കത്തയ്ക്ക് നിലവിലെ ഫോം തുടർന്നാൽ ഡൽഹിയെ വീഴ്ത്താനാകും.
ആന്ദ്രേ റസലിന്റെ പരിക്ക് ഭേദമാകാത്തതിനാൽ ശാക്കിബ് അൽ ഹസൻ തന്നെയാകും ഇന്നും കളിക്കുക. സ്പിന്നിന് മികച്ച പിന്തുണ ലഭിക്കുന്ന പിച്ചിൽ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും തിളങ്ങിയാൽ കൊൽക്കത്തയ്ക്കും ജയിക്കാം.