![എന്ത് കൊണ്ട് റായുഡു വിരമിക്കൽ ട്വീറ്റ് പിൻവലിച്ചു? കാരണം വ്യക്തമാക്കി സി.എസ്.കെ സി.ഇ.ഒ എന്ത് കൊണ്ട് റായുഡു വിരമിക്കൽ ട്വീറ്റ് പിൻവലിച്ചു? കാരണം വ്യക്തമാക്കി സി.എസ്.കെ സി.ഇ.ഒ](https://www.mediaoneonline.com/h-upload/2022/05/14/1294748-rayudu.webp)
എന്ത് കൊണ്ട് റായുഡു വിരമിക്കൽ ട്വീറ്റ് പിൻവലിച്ചു? കാരണം വ്യക്തമാക്കി സി.എസ്.കെ സി.ഇ.ഒ
![](/images/authorplaceholder.jpg?type=1&v=2)
സീസണിൽ അവസാനമായി സി.എസ്.കെ നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെ പോരാടാനിറങ്ങാനിരിക്കെയാണ് റായുഡു ട്വിറ്ററിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് താൻ വിരമിക്കുന്നതായി ട്വിറ്ററിൽ കുറിച്ച ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ ബാറ്റർ അമ്പാട്ടി റായുഡു പിന്നീട് ട്വീറ്റ് പിൻവലിച്ചിരിക്കുകയാണ്. 36 കാരനായ താരം തീരുമാനം പിൻവലിച്ചതിനെ് പിറകിലെ കാരണം വ്യക്തമാക്കുകയാണ് സി.എസ്.കെ. സി.ഇ.ഒയായ കാശി വിശ്വനാഥൻ. 'ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം വിരമിക്കില്ല. തന്റെ മോശം പ്രകടനത്തിൽ നിരാശനായത് കൊണ്ടാണ് അദ്ദേഹം വിരമിക്കുന്നതായി ട്വീറ്റ് ചെയ്തത്. പിന്നീട് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹം വിരമിക്കില്ല' സ്‌പോർട്‌സ് സ്റ്റാറിനോട് വിശ്വനാഥൻ വ്യക്തമാക്കി.
![](https://www.mediaoneonline.com/h-upload/2022/05/14/1294749-rayudu-tweet.webp)
സീസണിൽ അവസാനമായി സി.എസ്.കെ നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെ പോരാടാനിറങ്ങാനിരിക്കെയാണ് റായുഡു ട്വിറ്ററിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ' ഇതെന്റെ അവസാന ഐ.പി.എല്ലായിരിക്കുമെന്ന് ഞാൻ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ 13 വർഷമായി രണ്ടു മികച്ച ടീമുകളുടെ ഭാഗമായി ഞാൻ കളിച്ചു. മുംബൈ ഇന്ത്യൻസിനും സി.എസ്.കെക്കും ഈ മനോഹര പ്രയാണത്തിന്റെ പേരിൽ നന്ദി പറയുന്നു' റായുഡു ട്വിറ്ററിൽ കുറിച്ചു. എന്നാൽ താരം ഈ ട്വീറ്റ് പിന്നീട് നീക്കുകയായിരുന്നു. വിരമിക്കൽ ട്വീറ്റിനെ തുടർന്ന് മുൻ സഹതാരങ്ങളും ആരാധകരുമൊക്കെ റായുഡുവിന്റെ കരിയറിനെ പുകഴ്ത്തിയിരുന്നു.
2010ൽ മുംബൈ ടീമിൽ ചേർന്നാണ് റായുഡു തന്റെ ഐപിഎൽ കരിയർ തുടങ്ങിയത്. എട്ടു സീസണുകളിൽ 105 ഇന്നിംഗ്‌സുകളിലായി മുംബൈക്കായി 2416 റൺസാണ് താരം നേടിയത്. 27.1 ശരാശരിയിൽ 14 അർധസെഞ്ച്വറികളോടെയായിരുന്നു റൺനേട്ടം. 2018ലെ മെഗാലേലത്തിൽ 6.75 കോടി മുടക്കി സിഎസ്‌കെ താരത്തെ ടീമിലെത്തിച്ചു. പിന്നീട് 67 ഇന്നിംഗ്‌സുകളിലായി 32.2 ശരാശരിയിൽ റായുഡു 1770 റൺസ് നേടി. എട്ടു അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കമായിരുന്നു ഈ നേട്ടം. നേരത്തെ 2019ൽ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന റായുഡു പിന്നീട് ഹൈദരാബാദിനായി കളിക്കാനെത്തുകയായിരുന്നു.
Why did Rayudu withdraw his retirement tweet? The reason was clarified by CSK CEO Kashi Vishwanath