Cricket
എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല?; കാരണം പറഞ്ഞ് സിഎസ്‌കെ മാനേജ്‌മെൻറ്
Cricket

എന്തുകൊണ്ട് റെയ്‌നയെ ടീമിലെടുത്തില്ല?; കാരണം പറഞ്ഞ് സിഎസ്‌കെ മാനേജ്‌മെൻറ്

Sports Desk
|
15 Feb 2022 6:15 AM GMT

ലേലത്തിൽ 14 കോടി മുടക്കി ടീം ദീപക് ചഹാറിനെ വാങ്ങിയിരുന്നു. ഇതുവഴി ഏറ്റവും വിലകൂടിയ ഇന്ത്യൻ ബൗളറായും അദ്ദേഹം മാറിയിരുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ചെന്നൈ സൂപ്പർ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിട്ടും സുരേഷ് റെയ്‌നയെ ടീമിലെടുക്കാതിരുന്നതിന് പിറകിലെ കാരണം പറഞ്ഞ് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ. 2022 ലെ ഐ.പി.എൽ മെഗാ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള റെയ്‌നക്കായി ആദ്യ ദിനം ഒരു ടീമുകളും രംഗത്ത് വന്നിരുന്നില്ല. രണ്ടാം ദിനം ആക്‌സിലറേഷൻ ലിസ്റ്റിലും ഒരു ടീമും താരത്തെ ഉൾപ്പെടുത്തിയില്ല. അദ്ദേഹം ദീർഘകാലമായി കളിച്ച സിഎസ്‌കെ പോലും അദ്ദേഹത്തെ പരിഗണിക്കാത്തത് ചർച്ചയായിരുന്നു. തുടർന്നാണ് സിഎസ്‌കെ മാനേജ്‌മെൻറ് പ്രതികരിച്ചത്. ''കഴിഞ്ഞ 12 വർഷമായി സിഎസ്‌കെക്കായി സ്ഥിരതയോടെ കളിച്ച താരമാണ് സുരേഷ് റെയ്‌ന. അദ്ദേഹം ടീമിലില്ലാതിരിക്കുന്നത് ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ടീം രൂപവത്കരണം തീർച്ചയായും താരങ്ങളുടെ പ്രകടനമികവിനും ടീം എങ്ങനെയാകണമെന്ന ആഗ്രഹത്തിനും അനുസൃതമായാണ് നടക്കുക'' സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

ലേലത്തിൽ 14 കോടി മുടക്കി ടീം ദീപക് ചഹാറിനെ വാങ്ങിയിരുന്നു. ഇതുവഴി ഏറ്റവും വിലകൂടിയ ഇന്ത്യൻ ബൗളറായും അദ്ദേഹം മാറിയിരുന്നു. അതേസമയം, 6.75 കോടി, 4.40 കോടി, രണ്ടു കോടി എന്നിങ്ങനെ മുടക്കി അമ്പാട്ടി റായിഡു, ഡ്വെയ്ൻ ബ്രാവേ, ഉത്തപ്പ എന്നിവരെ സിഎസ്‌കെ ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ ടീമിന് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫാഫ് ഡു പ്ലെസിസിനെ ലേലത്തിൽ വിളിച്ചെടുക്കാനാകാത്തതിൽ സിഇഒ നിരാശ പ്രകടിപ്പിച്ചു. റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവാണ് അദ്ദേഹത്തെ നേടിയത്.

റെയ്‌നയും സിഎസ്‌കെയും

2011 ലെ ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽപ്പെട്ട റെയ്‌ന 2008 മുതൽ 2015 വരെയും 2018 മുതൽ 2021 വരെയും സിഎസ്‌കെക്കായി കളിച്ചിരുന്നു. 205 ഐപിഎൽ മത്സരങ്ങളിൽനിന്നായി 5528 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ സിഎസ്‌ക്കെക്കായി 4687 റൺസാണ് കണ്ടെത്തിയത്. ഇത് ആദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റെയ്‌ന അൺസോൾഡ് ആകുന്നത്. 2020 സീസണിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയ്‌ന കളിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ സീസണിൽ തിരിച്ചുവന്ന റെയ്‌നയെ ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമും കാരണം കസി.എസ്.കെ ചില മൽസരങ്ങളിൽ പുറത്തിരുത്തിയിരുന്നു. 12 കളികളിൽ നിന്ന് 17.77 ശരാശരിയിൽ 160 റൺസ് മാത്രമാണ് കഴിഞ്ഞ സീസണിൽ താരം നേടിയത്.

2008ലെ ആദ്യ ഐ.പി.എൽ മുതൽ കളിക്കുന്ന താരമാണ് സുരേഷ് റെയ്ന. 2020ലെ ടൂർണമെൻറ് മാത്രമാണ് അദ്ദേഹത്തിനു നഷ്ടമായത്. യു.എ.ഇയിൽ നടന്ന ടൂർണമെൻറിൽ നിന്നും ചില വ്യക്തിപരമായ കാരണങ്ങളെ തുടർന്നു റെയ്ന പിൻമാറുകയായിരുന്നു. ഇടക്ക് ചെന്നൈ സൂപ്പർകിങ്‌സിന് വിലക്ക് വന്നപ്പോൾ ഗുജറാത്ത് ലയൺസിനായും റെയ്‌ന പാഡണിഞ്ഞിരുന്നു. 2018 ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലാണ് റെയ്‌ന അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് റെയ്‌ന അറിയിച്ചു. എം.എസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 226 ഏകദിനങ്ങളിൽ നിന്ന് 5,615 റൺസും 78 ടി20യിൽ നിന്ന് 1605 റൺസും റെയ്ന നേടിയിട്ടുണ്ട്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 12-ാമത്തെ ഇന്ത്യൻ അരങ്ങേറ്റക്കാരനായിരുന്നു അദ്ദേഹം. ടെസ്റ്റിൽ 18 മത്സരങ്ങളിൽ നിന്നായി 768 റൺസും റെയ്‌ന നേടിയിട്ടുണ്ട്.

Why was Suresh Raina not included in the team ?; CSK Management Replys

Similar Posts