എക്‌സ് ഫാക്ടറാകുമോ ആർ അശ്വിൻ; ഇന്ത്യൻ സാധ്യതാ ഇലവൻ എങ്ങനെ?
|തകർപ്പൻ ഫോമിലാണ് ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് അരങ്ങുണരാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന കലാശപ്പോരിന് മുമ്പോടിയായുള്ള കൂട്ടലും കിഴിക്കലിലുമാണ് ഇന്ത്യയും ആസ്‌ട്രേലിയയും. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യ ഇതുവരെ കളിച്ച പത്ത് മത്സരവും ജയിച്ച് ആധികാരികമായാണ് ഫൈനലിലെത്തിയത്. ഓസീസ് ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ഓസീസിന്റെ ഫൈനൽ പ്രവേശം.
സെമിയിൽ ന്യൂസിലാൻഡിനെതിരെ ഇറക്കിയ അതേ ടീമിനെ തന്നെ ടീം മാനേജ്‌മെന്റ് ഫൈനലിലും കളത്തിലിറക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഒരധിക ബൗളറെ ഉൾപ്പെടുത്തുകയാണ് എങ്കിൽ വെറ്ററൻ സ്പിന്നർ ആർ അശ്വിന് നറുക്കു വീഴും. ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ;
ഓപണിങ്
രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും തന്നെ. രണ്ടു പേരും തകർപ്പൻ ഫോമിൽ. ആദ്യ പത്തോവറിൽ അടിച്ചു തകർത്ത് സ്‌കോർ ഉയർത്തുക എന്നതു തന്നെയാണ് ഇരുവരുടെയും ഉത്തരവാദിത്വം. ക്യാപ്റ്റൻസി കൈയിലുണ്ടായിട്ടും രോഹിത് നിർഭയം ബാറ്റു വീശുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സെമിയിൽ രോഹിതിന്റെ തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് കളിയിൽ മേധാവിത്വം നൽകിയത്. പതിയെ തുടങ്ങുന്ന ഗില്ലിൽ നിന്ന് വലിയ ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.
പത്തു കളിയിൽ നിന്ന് ഇന്ത്യൻ നായകൻ ഇതുവരെ അടിച്ചു കൂട്ടിയത് 550 റൺസ്. സ്‌ട്രൈക്ക് റേറ്റ് 124.15. എട്ടു മത്സരങ്ങളിൽനിന്ന് ഗില്ലിന്റെ സമ്പാദ്യം 350 റൺസ്. ശരാശരി 50. ഇരുവരും ചേർന്ന് ടൂർണമെന്റിൽ ഏഴ് അർധസെഞ്ച്വറി കൂട്ടുകെട്ടും ഒരു സെഞ്ച്വറി പാട്ണർഷിപ്പും ഉണ്ടാക്കിയിട്ടുണ്ട്.
മിഡിൽ ഓർഡർ
കോഹ്‌ലി ഇത്ര ഫോമിൽ കളിച്ച മറ്റൊരു ടൂർണമെന്റ് ഉണ്ടായിട്ടില്ല. പത്തു കളിയിൽനിന്ന് എട്ടു തവണയാണ് താരം അർധസെഞ്ച്വറി പിന്നിട്ടത്. ന്യൂസിലാൻഡിനെതിരെ നേടിയത് ടൂർണമെന്റിലെ മൂന്നാം സെഞ്ച്വറി. ഇതുവരെ ഇതിഹാസ താരം അടിച്ചുകൂട്ടിയത് 711 റൺസ്. ശരാശരി 101.57. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ഒരുപിടി റെക്കോഡുകളും കോഹ്‌ലിക്ക് സ്വന്തം.
നാലാം നമ്പറിലിറങ്ങുന്ന ശ്രേയസ് അയ്യരും മിന്നും ഫോമില്‍. കഴിഞ്ഞ നാലു കളിയിൽ അയ്യരുടെ സ്‌കോർ ഇങ്ങനെ; 105, 128, 77, 82. സെമിയിൽ കിവികള്‍ക്കെതിരെ അവസാന ഓവറുകളിൽ താരം തകർത്തു കളിച്ചതാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തുന്ന ബാറ്റർ കെഎൽ രാഹുൽ ഇതുവരെ 15 ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് നടത്തിയിട്ടുള്ളത്. 77.20 ശരാശരിയിൽ അടിച്ചുകൂട്ടിയത് 386 റൺസ്. കാര്യമായ അവസരം ലഭിക്കാത്ത ആറാമൻ സൂര്യകുമാർ യാദവ് ആറ് മത്സരങ്ങളിൽനിന്ന് 88 റൺസാണ് സ്‌കോർ ചെയ്തിട്ടുള്ളത്.
ആൾ റൗണ്ടർ
ബൗളിങ്, ഫീൽഡിങ്, ബാറ്റിങ്... ഒരു ഓൾ റൗണ്ടറുടെ സമ്പൂർണ പാക്കേജാണ് രവീന്ദ്ര ജഡേജ. പത്തു കളിയിൽ ജഡേജ വീഴ്ത്തിയത് 16 വിക്കറ്റ്. ഇകോണമി 4.25. ഫീൽഡിൽ ജഡേജയുടെ സാന്നിധ്യം തന്നെ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.
പിച്ചിന്റെ സ്വഭാവവും ആസ്‌ട്രേലിയയുടെ കരുത്തും പരിഗണിക്കുമ്പോൾ ഒരുപക്ഷേ, വെറ്ററൻ സ്പിന്നറായ ആർ അശ്വിന് ഇന്ത്യ അവസരം നൽകാനുള്ള സാധ്യതയുണ്ട്. അശ്വിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ അത് മാനേജ്‌മെന്റ് എടുക്കുന്ന നിർണായക തീരുമാനങ്ങളിലൊന്നാകും.
ബൗളർമാർ
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് ത്രയം ടൂർണമെന്റിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പവർ പ്ലേയിൽ ബുംറയും സിറാജും നിർണായകമാണ്. ടൂർണമെന്റിൽ ഇതുവരെ ഇരുവരും നേടിയത് 31 വിക്കറ്റ്.
ആറു മത്സരത്തിൽ നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഷമി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. മൂന്നു തവണയാണ് ഷമി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സെമിയിൽ ന്യൂസിലാൻഡിനെതിരെ 57 റൺസ് വഴങ്ങി ഏഴു വിക്കറ്റാണ് ഇന്ത്യൻ പേസർ നേടിയത്.
റൺസ് വഴങ്ങുന്നതിൽ പിശുക്കനായ കുൽദീപ് യാദവിന്റെ ഇകോണമി 4.32 ആണ്. 15 വിക്കറ്റാണ് ഇടങ്കയ്യൻ സ്പിന്നിൽ സ്വന്തമാക്കിയിട്ടുള്ളത്.
സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.