'ഏകദിനത്തിൽ സഞ്ജു ഓപ്പണറായാലും അത്ഭുതപ്പെടാനില്ല': മുൻ സെലക്ടർ എം.എസ്.കെ പ്രസാദ്
|ഓപ്പണറായി ശുഭ്മാന്‍ ഗില്‍ മികവ് തുടരുന്നതിനിടെയാണ് എം.എസ്.കെ പ്രസാദിന്റെ അഭിപ്രായം.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ഓപ്പണറായി ഇറങ്ങാന്‍ കഴിയുമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എം.എസ് കെ പ്രസാദ്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ മികവ് തുടരുന്നതിനിടെയാണ് എം.എസ്.കെ പ്രസാദിന്റെ അഭിപ്രായം.
ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിന് ഈ മാസം 12നാണ് തുടക്കം കുറിക്കുന്നത്. പിന്നീടാണ് ഏകദിന, ടി20 മത്സരങ്ങള്‍. ഏകദിന പരമ്പരയിലേക്കാണ് ക്രിക്കറ്റ് പ്രേമികൾ മുഴുവൻ ഉറ്റുനോക്കുന്നത്. ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാൽ ഈ പരമ്പരയിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച വെക്കുന്ന പ്രകടനം അവരുടെ ലോകകപ്പ് ഭാവിയിലും നിർണായകമാകും.
'സൂര്യകുമാര്‍ യാദവ് ടീമിലുണ്ട്. സഞ്ജു സാംസണും സൂര്യകുമാറും തമ്മില്‍ മത്സരമില്ല. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സൂര്യ നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. രോഹിത് ശര്‍മ്മയ്ക്കൊപ്പം സഞ്ജു സാംസണ് ഓപ്പണര്‍ ചെയ്യില്ല എന്ന് നമുക്ക് പറയാനാവില്ല. അതിനാല്‍ സഞ്ജുവും സൂര്യകുമാറും തമ്മില്‍ പ്ലേയിംഗ് ഇലവനിലേക്ക് മത്സരമില്ല. സഞ്ജുവും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും തമ്മിലാണ് പോരാട്ടം വരിക' എന്നും എം എസ് കെ പ്രസാദ് പറഞ്ഞു.
ഗില്ലിനെക്കൂടാതെ ഇഷാന് കിഷനും റുതുരാജ് ഗെയ്ക്വാദുമുള്ളതിനാല്‍ സഞ്ജുവിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യത കുറവാണ്. സഞ്ജു സാംസണ് 11 ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. 66 ശരാശരിയില്‍ 330 റണ്‍സാണ് സമ്പാദ്യം. കഴിഞ്ഞ വർഷം ഏകദിനത്തിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്.