ലോകകപ്പ് ടി20: ബുംറക്ക് പകരം ഷമിയോ? ദ്രാവിഡിന് പദ്ധതിയുണ്ട്...
|ഡെത്ത് ഓവറുകളിലുൾപ്പെടെ മികവ് പുറത്തെടുക്കാൻ ഇന്ത്യന്‍ ബൗളർമാർക്കാകുന്നില്ല
മുംബൈ: ജസ്പ്രീത് ബുംറയുടെ അഭാവം ടി20ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചത്. പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയെങ്കിലും ആരാവുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പല പേരുകളും ആ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും സ്റ്റാൻഡ് ബൈ ആയി ഉൾപ്പെടുത്തിയ മുഹമ്മദ് ഷമിയുടെ പേരിനാണ് മുൻതൂക്കം.
പരിശീലകൻ രാഹുൽ ദ്രാവിഡിന് മുന്നിലും ഇതെ ചോദ്യമെത്തി. ബുംറക്ക് പകരം ഷമി വരുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ പരാജയത്തിന് ശേഷമായാണ് രാഹുൽദ്രാവിഡിന് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത്.
ബുംറയുടെ പകരക്കാരനാകാൻ ഷമി യോഗ്യനാണെന്നും എന്നാൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനാൽ മുക്തനാകേണ്ടതുണ്ടെന്നും അതെല്ലാം പരിഗണിച്ചെ തീരുമാനമെടുക്കൂവെന്നും ദ്രാവിഡ് പറഞ്ഞു. ഈ മാസം 15 വരെ സമയമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. ഷമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ കിട്ടിയാൽ തീരുമാനമെടുക്കും,അതിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്-ദ്രാവിഡ് പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ രണ്ട് പരമ്പരകളും(ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക) ഇന്ത്യ സ്വന്തമാക്കിയെങ്കിലും ആശങ്കപ്പെടുത്തുന്ന വിശേഷങ്ങളാണ് ക്യാമ്പിൽ നിന്നും വരുന്നത്. പ്രത്യേകിച്ച് ബൗളിങ് ഡിപാർട്‌മെന്റ്. ഡെത്ത് ഓവറുകളിലുൾപ്പെടെ മികവ് പുറത്തെടുക്കാൻ ബൗളർമാർക്കാകുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ 200 റൺസിന് മുകളിലാണ് ദക്ഷിണാഫ്രിക്ക സ്‌കോർ ചെയ്തത്. ഇന്ത്യൻ ബൗളർമാരെല്ലാം കണക്കിന് തല്ലുവാങ്ങിയിരുന്നു. ഈയൊരു അവസ്ഥയിൽ നിൽക്കെയാണ് ബുംറ പരിക്കേറ്റ് പിന്മാറുന്നതും. അതിനാല്‍ ആസ്ട്രേലിയയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരെയാണ് പരിഗണിക്കുന്നത്.