"നന്ദി, എന്നിൽ വിശ്വാസമർപ്പിച്ചതിന്"; ഡൽഹി ക്യാപിറ്റൽസിന് നന്ദി പറഞ്ഞ് അണ്ടർ 19 ഇന്ത്യൻ ടീം ക്യാപ്റ്റൻ
|അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലെ പ്രധാനപ്പെട്ട മറ്റു ചില താരങ്ങളേയും ഐ.പി.എല്‍ ടീമുകള്‍ തങ്ങളുടെ കൂടാരങ്ങളിലെത്തിച്ചിട്ടുണ്ട്
തന്നെ ടീമിലെടുത്തതിന് ഡൽഹി ക്യാപിറ്റൽസിന് നന്ദി പറഞ്ഞ് അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീം നായകൻ യാഷ് ധുൽ. 50 ലക്ഷത്തിനാണ് ഡൽഹി യാഷിനെ അവരുടെ തട്ടകത്തിലെത്തിച്ചത്.
"നന്ദി, ഡൽഹി ക്യാപിറ്റൽസ്. എന്നിൽ വിശ്വാസമർപ്പിച്ചതിന്. ഇതെനിക്ക് സ്വപ്നസാക്ഷാത്കാരമാണ്. ടീമിന് വേണ്ടി കഠിനപ്രയത്നം ചെയ്യും"- യാഷ് ധുൽ പറഞ്ഞു.
അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലെ പ്രധാനപ്പെട്ട മറ്റു ചില താരങ്ങളേയും ഐ.പി.എല്‍ ടീമുകള്‍ തങ്ങളുടെ കൂടാരങ്ങളിലെത്തിച്ചിട്ടുണ്ട്. ലോകകപ്പ് കലാശപ്പോരിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർ രാജ് ഭവയെ രണ്ട് കോടി രൂപക്ക് പഞ്ചാബ് സ്വന്തമാക്കി. ടീമിലെ മറ്റൊരു ഓള് റൗണ്ടറായ രാജ് വർധൻ ഹാംഗർഗേക്കറിനെ 1.5 കോടിക്ക് ചെന്നൈയാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യൻ കൗമാരം കീഴടക്കിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടുന്നത്. കലാശപ്പോരില്‍ ബോളുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും നിറഞ്ഞാടിയ രാജ്ഭവയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. രാജ്ഭവ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 35 റണ്‍സുമെടുത്തിരുന്നു.