Cricket
കരുതിയിരിക്കൂ, ഇത് പുതിയ കോഹ്‌ലി; മുന്നറിയിപ്പുമായി ഡെയ്ൽ സ്റ്റെയിൻ
Cricket

'കരുതിയിരിക്കൂ, ഇത് പുതിയ കോഹ്‌ലി'; മുന്നറിയിപ്പുമായി ഡെയ്ൽ സ്റ്റെയിൻ

Web Desk
|
19 Jan 2022 12:52 PM GMT

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത് എങ്കിലും എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്കാണ്.

ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ കേട്ടത്. ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നേറ്റ തോൽവിക്ക് പിന്നാലെയായിരുന്നു അപ്രതീക്ഷിത രാജി. ഇതോടെ ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലും നായകനല്ലാതായി മാറി കോഹ്‌ലി. ക്യാപ്റ്റനല്ലാത്ത കോഹ്‌ലിയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നാരംഭിച്ച ഏകദിന പരമ്പരയിൽ കളത്തിലിറങ്ങിയത്.

ക്രീസിൽ പഴയ ഫോം കണ്ടെത്താൻ പാടുപെടുന്ന കോഹ്‌ലി ഇനി മുതൽ കളത്തിൽ മറ്റൊരാളാകുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിൻ അഭിപ്രായപ്പെടുന്നത്. പുതിയൊരു കോഹ്‌ലിയെ നിങ്ങൾക്കു കാണാമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ പഴയ സഹതാരം കൂടിയായ സ്റ്റെയിൻ പറയുന്നു.

'ബബ്ൾ ജീവിതം ഏറെ ബുദ്ധിമുട്ടാണ്. നായകനെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടാകും. എന്നിട്ട് നിങ്ങൾ കുടുംബത്തിലേക്കെത്തുന്നു. ദിവസത്തിന്റെ അവസാനം ഇതെല്ലാം കുടുംബത്തിലും ബാധിക്കും. ഞാനങ്ങനെ ചിന്തിക്കുന്നു' - സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

'അദ്ദേഹത്തിന്റെ കുടുംബം ചെറുപ്പമാണ്. ഒറ്റയ്ക്ക്, ഒരു പ്രൊഫഷണൽ താരമെന്ന നിലയിൽ ക്യാപ്റ്റൻസി സ്വന്തം കാര്യം പോലെയാണ്. രാജ്യത്തിനായി ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ നല്ല ശ്രദ്ധ വേണം. ഒരു കുടുംബം വരുമ്പോൾ വേറെ കാര്യങ്ങളിൽ കൂടി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ഇപ്പോൾ കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു. കുടുംബത്തിലും ബാറ്റിങ്ങിലും ഇനി അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാം. നിങ്ങൾക്ക് ഒരു മികച്ച കോഹ്‌ലിയെ തന്നെ കാണാനാകും' - പേസ് ഐക്കൺ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത് എങ്കിലും എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്കാണ്. തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ച്വറി ഈ പരമ്പരയിൽ താരം കണ്ടെത്തുമെന്നാണ് ആരാധകർ കരുതുന്നത്.

Similar Posts