'ചെന്നൈയെ തോല്‍പ്പിക്കാന്‍ 40 ഓവറും നന്നായി കളിക്കണം': സേവാഗ്
|അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഐപിഎല്ലിലെ ചെന്നൈയുടെ എട്ടാം വിജയമാണിത്.
ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയും ശ്രദ്ധയോടെ കളിച്ചുതുടങ്ങിയെങ്കിലും തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല ബാറ്റിങാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. സിഎസ്കെയുടെ തന്ത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയവരില്‍ മുന്‍ ഇന്ത്യന്‍താരം വിരേന്ദ്ര സേവാഗുമുണ്ട്. ചെന്നൈയെ തോല്‍പ്പിക്കാന്‍ 40 ഓവറും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും എന്നാണ് സേവാഗ് പറയുന്നത്.
'നന്നായി കളിച്ചുമുന്നേറുമ്പോള്‍ സിഎസ്കെയെ തോല്‍പ്പിക്കുക പ്രയാസമാണെന്നത് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്. പക്ഷെ ഇന്ന് കണ്ടതുപോലെ ബോളിങ് ആണ് അവരുടെ ദൗര്‍ബല്യം. കൊല്‍ക്കത്തയെ സുഖമായി 150-160 റണ്‍സില്‍ ചുരുട്ടിക്കെട്ടാമായിരുന്നു. പക്ഷെ 171 റണ്‍സ് അവര്‍ അടിച്ചുകൂട്ടി. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 160-170 റണ്‍സ് നേടിയാല്‍ കളി ജയിക്കുക അത്ര എളുപ്പമാകില്ല. കാരണം ബോളിങ്ങില്‍ അവര്‍ക്ക് പ്രത്യേകിച്ച് വെറൈറ്റിയൊന്നും കാണിക്കാനില്ല. ഞാന്‍ കാണുന്ന പ്രശ്നവും അതുതന്നെയാണ്. അതൊഴിച്ചാല്‍ ബാറ്റിങ്ങില്‍ അസാധ്യ കഴിവാണ് ചെന്നൈ ടീമിനെന്നും, സേവാഗ് പറഞ്ഞു.