Cricket
ഏകദിന ക്രിക്കറ്റിന്റെ കാലം കഴിഞ്ഞോ?: കാര്യവട്ടം സ്റ്റേഡിയത്തിൽ ആളൊഴിഞ്ഞതിൽ ആശങ്കയറിയിച്ച് യുവരാജ്‌
Cricket

'ഏകദിന ക്രിക്കറ്റിന്റെ കാലം കഴിഞ്ഞോ?': കാര്യവട്ടം സ്റ്റേഡിയത്തിൽ ആളൊഴിഞ്ഞതിൽ ആശങ്കയറിയിച്ച് യുവരാജ്‌

Web Desk
|
15 Jan 2023 3:29 PM GMT

ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച യുവരാജ് സിങ് സ്റ്റേഡിയം പകുതി കാലിയാണെന്നതും ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു.

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്കപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച യുവരാജ് സിങ് സ്റ്റേഡിയം പകുതി കാലിയാണെന്നതും ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു.

ഏകദിന ക്രിക്കറ്റ് അവസാനിക്കുകയാണോ എന്നും താരം ആശങ്ക പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് കാണികളുടെ കുറവ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെയിലാണ് യുവരാജിന്റെ പ്രതികരണം.

39,000ത്തോളം പേർക്കിരിക്കാവുന്ന ഗ്രീൻഫീൽഡിൽ പകുതിയിലും കുറവാളുകളാണ് മത്സരം കാണാനെത്തിയത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രിയുടെ പ്രസ്താവന, ടിക്കറ്റ് വിൽപ്പന വിവാദം, ശബരിമല സീസൺ എന്നിങ്ങനെയാണ് കേരളക്രിക്കറ്റ് അസോസിയേഷന്‍(കെ.സി.എ) നിരത്തുന്ന കാരണങ്ങള്‍. അതേസമയം കാണികൾ കുറഞ്ഞത് ലോകകപ്പ് വേദിക്കായി ശ്രമിക്കുന്ന കേരളത്തിന്റെ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും കെ.സി.എക്കുണ്ട്.

കളി ഗംഭീരമായെങ്കിലും ഗാലറിയിൽ ആള് കുറഞ്ഞതിനെ ചൊല്ലിയുള്ള വിവാദം ഉടൻ തീരില്ല. കാര്യവട്ടത്ത് ഇത് രണ്ടാമത്തെ ഏകദിന മത്സരമാണ് നടന്നത്. 2018 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ഏകദിനമാണ് ആദ്യത്തേത്. കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്റി20 മത്സരങ്ങളായിരുന്നു. ആ മത്സരങ്ങളിലെല്ലാം ആളുകള്‍ നിറഞ്ഞിരുന്നു.

Related Tags :
Similar Posts