Cricket
yuvrajsingh
Cricket

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാനില്ല; നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഓൾറൗണ്ടർ

Web Desk
|
2 March 2024 9:46 AM GMT

ഗുരുദാസ്പൂരിൽ നിന്ന് ജനവിധി തേടുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു

ചണ്ഡിഗണ്ഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് രംഗത്ത്. ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി യുവരാജ് മത്സരിക്കുമെന്ന പ്രചരണം അടുത്തിടെ വ്യാപകമായിരുന്നു. ഇതേ തുടർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണവുമായി യുവി രംഗത്തെത്തിയത്.

'ഗുരുദാസ്പൂരിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന മാധ്യമ വാർത്തകൾ ശരിയല്ല. ജനങ്ങളെ സഹായിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണ്. യുവികാൻ എന്ന സംഘടനയിലൂടെ വിവിധ പ്രവർത്തനങ്ങൾ നിർവഹിച്ച് വരുന്നു. നമുക്ക് ഒരുമിച്ച് കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കാമെന്നും യുവരാജ് എക്‌സിൽ കുറിച്ചു. അതേസമയം, ഗുരുദാസ്പൂരിൽ നിലവിലെ ബിജെപി എം പിയായ നടൻ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് യുവിയെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്ത്യൻ മുൻ താരം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആപ്പ് അധികാരത്തിലെത്തിയത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയുടെ രണ്ട് ലോകകപ്പുകളിൽ ഹീറോയായ യുവി 304 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. കാൻസറിനെ അതിജീവിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു

Similar Posts