100 മീറ്റർ സിക്‌സിന് 8 റൺസ്; എന്നാൽ 3 ഡോട് ബോളുകൾക്ക് വിക്കറ്റ് വേണം: ചോപ്രയെ ട്രോളി ചെഹൽ
|ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കെതിരായും ചെഹൽ ഇടയ്ക്കിടെ ഇത്തരം ട്രോളുകളുമായി രംഗത്തെത്താറുണ്ട്
മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്‌സ് മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൻ തകർത്തടിക്കുന്നതിനിടെ മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയെ ട്രോളി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചെഹൽ.
32 പന്തിൽ 5 വീതം ഫോറും സിക്‌സുമാണു ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ മത്സരത്തിൽ അടിച്ചെടുത്തത്. മുകേഷ് ചൗധരിയുടെ 5ാം ഓവറിൽ ലിവിങ്സ്റ്റൻ പായിച്ച ഒരു സിക്‌സർ 108 മീറ്ററാണു പറന്നത്. സീസണിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട സിക്‌സറിനുള്ള റെക്കോർഡും ഇതോടെ ലിവിങ്സ്റ്റൻ സ്വന്തമാക്കി.
ലിവങ്‌സിറ്റണിന്റെ കൂറ്റർ സിക്‌സറിനു പിന്നാലെ, 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്‌സറുകൾക്ക് 6നു പകരം 8 റൺസ് നൽകണമെന്ന് ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. ചോപ്രയുടെ നിർദേശത്തെ ട്രോളിക്കൊണ്ടു രംഗത്തെത്തിയ ചെഹൽ മറുപടിയായി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, 'ചേട്ടാ അങ്ങനെയെങ്കിൽ 3 ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം'!
ചെഹലിന്റെ നർമത്തിൽ ചാലിച്ചുള്ള മറുപടിയെ പുകഴ്ത്തി സുരേഷ് റെയ്‌ന അടക്കമുള്ള താരങ്ങളും രംഗത്തെത്തി.ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കെതിരായും ചെഹൽ ഇടയ്ക്കിടെ ഇത്തരം ട്രോളുകളുമായി രംഗത്തെത്താറുണ്ട്.