Sports
പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച ക്രിസ്റ്റ്യാനോ ഫാന്‍ ബോയ്; ജോര്‍ജിയയുടെ ഹീറോ
Sports

പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച ക്രിസ്റ്റ്യാനോ ഫാന്‍ ബോയ്; ജോര്‍ജിയയുടെ ഹീറോ

Web Desk
|
27 Jun 2024 11:55 AM GMT

2013 ൽ ക്രിസ്റ്റ്യാനോ ജോർജിയയിൽ ഉദ്ഘാടനം നിർവഹിച്ച ഡൈനാമോ റ്റബ്ലീസിയിൽ കളിപഠിച്ച 11 താരങ്ങൾ ഇപ്പോൾ ജോർജിയൻ ടീമിനൊപ്പമുണ്ട്

വർഷം 2013. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് ജേഴ്‌സിയിൽ മൈതാനങ്ങളെ ത്രസിപ്പിച്ച് കൊണ്ടിരുന്ന കാലം. ആ വർഷം റോണോ ജോർജിയയിലേക്കൊരു യാത്ര നടത്തി. അന്ന് ലോക ഫുട്‌ബോൾ ഭൂപടത്തിൽ ജോർജിയ എന്ന രാജ്യം ഉണ്ടായിരുന്നോ എന്ന് പോലും ആർക്കുമറിയില്ല.

തന്റെ ജോർജിയ സന്ദർശന വേളയിൽ റോണോ ഒരു ഫുട്‌ബോൾ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡൈനാമോ റ്റബ്ലീസി .അന്ന് അക്കാദമിയിൽ കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ അഭ്യസിക്കാനെത്തിയ കുട്ടികൾക്കൊപ്പം പോര്‍ച്ചുഗീസ് ഇതിഹാസം ഒരു ഫോട്ടോക്ക് പോസ് ചെയ്യുന്നു. ക്രിസ്റ്റിയാനോക്കൊപ്പം ഫോട്ടോ പകർത്താൻ എത്തിയ കുട്ടികൾക്കിടയിൽ പിൻനിരയിൽ നിന്നൊരു 12 വയസുകാരൻ ഫോട്ടോയിൽ പതിയാനായി തന്റെ തല ഒരൽപ്പം ഉയർത്തിപ്പിടിച്ചു നിന്നു.

ഇന്നലെ യൂറോ കപ്പിൽ കന്നിക്കാരായ ജോർജിയയോട് പോർച്ചുഗൽ നാണംകെട്ട തോൽവി വഴങ്ങുമ്പോൾ ഡഗ്ഗൗട്ടിൽ നിരാശനായിരുന്ന ക്രിസ്റ്റ്യാനോയുടെ അടുക്കലേക്ക് ജോർജിയയുടെ വിജയശിൽപിയായ ആ ഏഴാം നമ്പറുകാരൻ ഓടിയെത്തി. ക്വിച്ച ക്വററ്റ്‌സ്‌കേലിയ. അന്ന് റോണോക്കൊപ്പമുള്ള ചിത്രത്തിൽ തന്റെ മുഖം പതിയാൻ പിൻനിരയിൽ നിന്ന് തല പൊക്കിപ്പിടിച്ച ആ 12 കാരൻ. ഇന്നവന് 23 വയസ്സുണ്ട്.

ജോർജിയ പോർച്ചുഗൽ മത്സരത്തിന്റെ രണ്ടാം മിനിറ്റ്. മൈതാനത്ത് പന്തുരുണ്ട് തുടങ്ങിയിട്ടേയുള്ളൂ. യൂറോയിൽ പോർച്ചുഗലിനായി ആദ്യ മത്സരം കളിക്കുന്ന അന്റോണിയോ സിൽവയുടെ വലിയ പിഴവ്. സെന്റർ സർക്കിളിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മിക്കോടാറ്റ്‌സേയുടെ അതിവേഗ കുതിപ്പ്. ഇടതുവിങ്ങിലൂടെ ആ സമയം ക്വററ്റ്‌സേകിലിയ പായുന്നുണ്ടായിരുന്നു. മിക്കോടാറ്റ്‌സേ പന്ത് ഞൊടിയിടയിൽ ക്വററ്റ്‌സ്‌കേലിയക്ക് കൈമാറുന്നു. ഗോൾമുഖത്ത് വച്ച് ജോർജിയൻ ഏഴാം നമ്പറുകാരന് പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പറങ്കിപ്പടയുടെ കാവൽക്കാരൻ ഡിയഗോ കോസ്റ്റക്ക് തട്ടിയകറ്റാനാവുന്നതിലും വേഗത്തിൽ ആ പന്ത് വലയിലേക്ക് പാഞ്ഞു. ആ ഗോൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പിന്നീട് ഒരിക്കൽ പോലും പോർച്ചുഗലിന് കരകയാറാനായില്ലെന്ന് തന്നെ പറയേണ്ടി വരും. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽട്ടി കൂടി വലയിലെത്തിച്ച് ജോർജിയ പോർച്ചുഗലിനെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു.

ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമപ്രവർത്തകൻ ക്വററ്റ്‌സ്‌കേലിയയോട് ഇങ്ങനെ ചോദിച്ചു. ''പോർച്ചുഗലുമായുള്ള മത്സരത്തിന് ശേഷം നിങ്ങൾ ക്രിസ്റ്റിയാനോയോട് അദ്ദേഹത്തിന്റെ ജേഴ്‌സി ആവശ്യപ്പെടുമോ..'' ക്വററ്റ്‌സ്‌കേലിയയുടെ മറുപടി ഇങ്ങനെയായിരുന്നു. ''തീർച്ചയായും. അദ്ദേഹമെന്റെ ഐഡലാണ്. പക്ഷെ അതിനർത്ഥം ഞങ്ങൾക്ക് പോർച്ചുഗലിനെ തോൽപ്പിക്കാനാവില്ലെന്നല്ല'' ഇത് പറഞ്ഞ് കൃത്യം പത്ത് ദിവസത്തിനകം സാക്ഷാൽ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ തകർത്തെറിഞ്ഞ് ജോർജിയ നോക്കൗട്ടിൽ പ്രവേശിക്കുന്നു. അന്നിത് പറയുമ്പോൾ എന്തൊരാത്മവിശ്വാസമായിരുന്നു ആ 23 കാരന്റെ മുഖത്ത്. ഒടുവിൽ അവൻ പോർച്ചുഗലിന്റെ ശവപ്പെട്ടിയിലെ ആദ്യ ആണിയുമടിച്ചു.

മത്സരത്തിന് ശേഷം പോർച്ചുഗീസ് ഡഗ്ഗൗട്ടിലെത്തിയ ക്വററ്റ്‌സ്‌കേലിയ ക്രിസ്റ്റിയാനോയോട് ആ ഏഴാം നമ്പർ ജേഴ്‌സിയാവശ്യപ്പെട്ടു. ക്രിസ്റ്റ്യാനോ തന്റെ ഫാൻബോയ്ക്കാ ജഴ്‌സിയൂരി നൽകി. പിന്നീട് റോണോയുടെ ജേഴ്‌സിയണിഞ്ഞ് ഡ്രസ്സിങ് റൂമിൽ നിൽക്കുന്ന ക്വററ്റ്‌സ്‌കേലിയയുടെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. റോണോയുടേയും ജേഴ്‌സിയും പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും ഒരുമിച്ച് വച്ച് പകർത്തിയൊരു ചിത്രത്തിന് അയാൾ എഴുതിയ തലവാചകം സ്വപ്‌നങ്ങൾ എന്നാണ്.

2013 ൽ ക്രിസ്റ്റ്യാനോ ജോർജിയയിൽ ഉദ്ഘാടനം നിർവഹിച്ച ഡൈനാമോ റ്റബ്ലീസിയിൽ കളിപഠിച്ച 11 താരങ്ങൾ ഇപ്പോൾ ജോർജിയൻ ടീമിനൊപ്പമുണ്ട്. ജോർജിയ പോർച്ചുഗൽ മത്സരത്തിന് തൊട്ടു മുമ്പ് അക്കാദമി ക്രിസ്റ്റ്യാനോക്കൊപ്പമുള്ള താരങ്ങളുടെ പഴയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

യൂറോയിൽ ജോർജിയ നടത്തുന്ന അതിശയക്കുതിപ്പ് കണ്ട് മൂക്കത്ത് വിരല്‍വച്ച് നിൽക്കുകയാണിപ്പോൾ ഫുട്‌ബോൾ ലോകം. ഫിഫ റാങ്കിങ്ങിൽ 74ാം റാങ്കിലുള്ളൊരു കൊച്ചു രാജ്യമാണ് യൂറോയിൽ തങ്ങളുടെ ആദ്യ ക്യാമ്പയിനിൽ തന്നെ പോർച്ചുഗലിനെ മറിച്ചിട്ട് നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചത് എന്നോർക്കണം. തുര്‍ക്കിയോട് 3 -1 ന് പരാജയപ്പെട്ടപ്പോഴും ചെക്ക് റിപ്പബ്ലിക്കിനോട് സമനില വഴങ്ങിയപ്പോഴും ഗ്രൂപ്പ് ചാമ്പ്യന്മാരെ അട്ടിമറിച്ച് ജോര്‍ജിയ നോക്കൌട്ടില്‍ പ്രവേശിക്കുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിക്കാണില്ല. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സ്പെയിനാണ് ജോര്‍ജിയയുടെ എതിരാളികള്‍. ഇനിയെന്തായാലും യൂറോപ്പ്യന്‍ ഫുട്ബോളിലെ ഒരു വന്‍ ശക്തിയും ഈ 11 പേരെ വിലകുറച്ച് കാണില്ലെന്നുറപ്പ്.

Similar Posts