ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബ്; വൻ ഓഫർ തള്ളി താരം
|ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമെന്ന ഖ്യാതിയാണ് ക്രിസ്റ്റ്യാനോ വേണ്ടെന്നു വെച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യയിലെ ഒരു ക്ലബ്ബ് ശ്രമം നടത്തിയതായി വാർത്തകൾ. രണ്ട് സീസണുകളിലായി 230 മില്യൺ യൂറോ (ഏകദേശം 2010 കോടി രൂപ) പ്രതിഫലം ലഭിക്കുന്ന ഭീമൻ ഓഫറാണ് വന്നതെങ്കിലും പോർച്ചുഗീസ് താരം അത് പരിഗണിച്ചില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ തന്നെ തുടരാനും ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരമുള്ള ക്ലബ്ബിൽ ചേരാനുമാണ് താരം ശ്രമിക്കുന്നത് എന്നാണ് സൂചന.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്‌കോറർ ആയിരുന്നെങ്കിലും, ക്ലബ്ബിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ, വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ക്രിസ്റ്റ്യാനോയുടെ മോഹം അവതാളത്തിലായി. ഈ സാഹചര്യത്തിലാണ് മികച്ച ഓഫറുകൾ വന്നാൽ താൻ ക്ലബ്ബ് വിടുമെന്ന് 37-കാരൻ മാഞ്ചസ്റ്റർ മാനേജ്‌മെന്റിനെ അറിയിച്ചത്.
ക്രിസ്റ്റിയാനോയുടെ ട്രാൻസ്ഫർ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് ചെൽസി, പി.എസ്.ജി, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകളുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ ഒന്നും വിജയിച്ചിട്ടില്ല. ക്രിസ്റ്റ്യാനോയോട് ഏറെ ബഹുമാനമുണ്ടെങ്കിലും താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹമില്ലെന്ന് ബയേൺ ഡയറക്ടർ ഹസൻ സാലിഹമിദിച്ച് വ്യക്തമാക്കി. ചെൽസി ഉടമ ടോഡ് ബോഹ്ലിക്ക് ക്രിസ്റ്റിയാനോയെ വാങ്ങാൻ താൽപര്യമുണ്ടായിരുന്നെങ്കിലും മാനേജർ തോമസ് ടുക്കൽ അതൃപ്തി അറിയിച്ചതോടെ ഈ സാധ്യതയും അടഞ്ഞു.
ഇതിനിടെയാണ് സൗദി ക്ലബ്ബ് മോഹിപ്പിക്കുന്ന വാഗ്ദാനവുമായി പോർച്ചുഗീസ് താരത്തെ സമീപിച്ചത്. ക്ലബ്ബിന്റെ പേരുവിവരങ്ങൾ ലഭ്യമല്ല. ട്രാൻസ്ഫർ തുകയായി മാഞ്ചസ്റ്ററിന് 30 മില്യൺ യൂറോ നൽകാമെന്നും പ്രതിഫലമായി ക്രിസ്റ്റ്യാനോയ്ക്ക് ആഴ്ചയിൽ 2.5 മില്യൺ യൂറോ നൽകാമെന്നുമാണ് സൗദി ക്ലബ്ബ് അറിയിച്ചത്. ഇതിനു പുറമെ കരാർ തുകയായി ഏജന്റിന് 20 മില്യൺ നൽകാനും ക്ലബ്ബ് തയാറായിരുന്നു. ഈ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി മാറാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിയുമായിരുന്നു. എന്നാൽ, യൂറോപ്പിലെ മുൻനിര ഫുട്‌ബോളിൽ തന്നെ തുടരാൻ താൽപര്യപ്പെടുന്ന ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിന്റെ ഓഫറിനോട് അനുകൂലമായി പ്രതികരിച്ചില്ല.
നിലവിൽ കുടുംബപരമായ കാരണങ്ങളാൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീസീസൺ ട്രെയിനിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തെ നിലനിർത്താനാണ് ആഗ്രഹമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്.