Sports
ഗാലറിയിൽ മെസി വിളികൾ; മാസ് റിപ്ലൈ കൊടുക്കാനാവാതെ റോണോ, സൗദി സൂപ്പർ കപ്പിൽ നിന്ന് അൽ നസ്‍ര്‍ പുറത്ത്
Sports

ഗാലറിയിൽ മെസി വിളികൾ; 'മാസ് റിപ്ലൈ' കൊടുക്കാനാവാതെ റോണോ, സൗദി സൂപ്പർ കപ്പിൽ നിന്ന് അൽ നസ്‍ര്‍ പുറത്ത്

Web Desk
|
27 Jan 2023 11:31 AM GMT

അല്‍ നസ്റിന്‍റെ തോല്‍വി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

റിയാദ്: സൗദി സൂപ്പർകപ്പില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ക്ലബ്ബ് പുറത്ത്. സെമിയിൽ അല്‍ ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോയുടേയും സംഘത്തിന്‍റേയും തോല്‍വി. മത്സരത്തില്‍ ക്രിസ്റ്റ്യാനോ മികച്ച പ്രകടനം പുറത്തെങ്കിലും ഒരിക്കല്‍ പോലും താരത്തിന് ഗോള്‍വലകുലുക്കാനായില്ല. റൊമാരീഞ്ഞോയും അബ്ദുറസാഖ് ഹംദുല്ലയും മുഹന്നദ് അല്‍ ഷഖീറ്റിയുമാണ് ഇത്തിഹാദിനായി ഗോള്‍വല കുലുക്കിയത്. ആന്‍ഡേഴ്സണ്‍ ടാലിസ്കയുടെ വകയായിരുന്നു അല്‍ നസ്റിന്‍റെ ആശ്വാസ ഗോള്‍.

കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിലുടനീളം റോണോയെ പ്രകോപിപ്പിക്കുന്ന ഇത്തിഹാദ് ആരാധകരെ കാണാമായിരുന്നു. മെസ്സി വിളികളോടെയാണ് റോണോയെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. എന്നാല്‍ പ്രകോപനങ്ങള്‍ക്ക് കളിക്കളത്തില്‍ ഗോളുകളിലൂടെ മറുപടി നല്‍കാറുള്ള റോണോയെ ഇന്നലെ കാണാനായില്ല. ഇതോടെ അല്‍ നസ്റില്‍ റോണോയുടെ ആദ്യ ഗോളിനുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടു.

ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ ഈ സീസണില്‍ സ്വന്തമാക്കിയത്. സൗദിയിലേക്ക് കൂടുമാറിയതിന് ശേഷം പി.എസ്.ജി ക്കെതിരെ റിയാദ് ഇലവനായി ബൂട്ടണിഞ്ഞ റോണോ ഇരട്ട ഗോളുകളുമായി സൗദിയില്‍ തന്‍റെ വരവറിയിച്ചിരുന്നു. അല്‍ നസ്റിനായുള്ള അരങ്ങേറ്റത്തില്‍ സൗദി പ്രോലീഗില്‍ ഇത്തിഫാഖ് എഫ്.സിക്കെതിരെ കളത്തിലിറങ്ങിയ റോണോക്ക് ഗോള്‍ കണ്ടെത്താനായിരുന്നില്ല.

200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റോണോക്ക് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രസ്റ്റ്യാനോ സൗദിക്കായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

Similar Posts