ഒരൊറ്റ റോണോ ഓരേയൊരു വികാരം... തെഹ്റാനില്‍ താരരാജാവിനെ കാണാന്‍ ജനലക്ഷങ്ങള്‍
|ജനലക്ഷങ്ങളാണ് ഇറാൻ തലസ്ഥാനമായ തെഹ്റാൻ മുതൽ പോർച്ചുഗീസ് ഇതിഹാസത്തെ കാണാൻ തടിച്ചുകൂടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാദ്യമായാണ് ഇറാനിലെത്തുന്നത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കാന്‍ ഇറാനിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പിച്ച സ്വീകരണം. ജനലക്ഷങ്ങളാണ് ഇറാൻ തലസ്ഥാനമായ തെഹ്റാൻ മുതൽ പോർച്ചുഗീസ് ഇതിഹാസത്തെ കാണാൻ തടിച്ചുകൂടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാദ്യമായാണ് ഇറാനിലെത്തുന്നത്.
തൊണ്ട പൊട്ടുമാറുച്ചത്തില്‍ റൊണാൾഡോ വിളികളും ബാനറുകളും പോസ്റ്ററുകളുമൊക്കെ ആയാണ് ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തെ സ്വീകരിച്ചത്.
അൽ നസർ സംഘം താമസിക്കുന്ന എസ്പിനാസ് പാലസ് ഹോട്ടൽ വരെയും റൊണാള്‍ഡോയെ കാണാന്‍ കൂട്ടമായി ആരാധകര്‍ എത്തി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത പിന്തുണയാണ് ലഭിക്കുന്നതെന്ന് അൽ നസർ എക്സ്(മുന്‍പത്തെ ട്വിറ്റര്‍) പ്ലാറ്റ്ഫോമിൽ കുറിച്ചു.
അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായാണ് അല്‍ നസ്‍ര്‍ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഇന്നലെയായിരുന്നു റൊണാള്‍ഡോയുടേയും സംഘത്തിന്‍റേയും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം. രാത്രി 11.30ക്ക് നടന്ന മത്സരത്തില്‍ ഇറാൻ ക്ലബായ പെര്‍സിപൊലിസിനെ തകര്‍ത്ത് അല്‍ നസ്‍ര്‍ തുടക്കം ഗംഭീരമാക്കി. 2016ന് ശേഷം ഇതാദ്യമായാണ് സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്.
2015ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിലാണ് സൗദി ക്ലബുകൾ അവസാനമായി ഇറാനിൽ കളിച്ചത്. അതിന് ശേഷം ഇറാൻ-സൗദി ക്ലബുകൾ തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാണ് നടന്നിരുന്നത്. ഈ വർഷം ആദ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വീണ്ടും സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്.