റൊണാള്‍ഡോ കുപ്പി എടുത്തുമാറ്റി; കൊക്കോ കോളക്കുണ്ടായത് കോടികളുടെ നഷ്ടം
|കൊക്കോ കോള റൊണാള്‍ഡോയുടെ നിലപാടിനോട് പ്രതികരിച്ചത് എല്ലാവര്ക്കും പാനീയങ്ങളുടെ കാര്യത്തില്‍ അവരവരുടേതായ ഇഷ്ടങ്ങളുണ്ട് എന്നാണ്
യൂറോ കപ്പിനിടെയുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊക്ക കോളയുടെ കുപ്പികള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തുമാറ്റിയ ശേഷം വിപണിയില്‍ കൊക്ക കോളക്ക് തിരിച്ചടി. ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്ക കോളയുടെ വിപണി മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായി കുറഞ്ഞു. നാല് ബില്യണ്‍ ഡോളറിന്റെ നഷ്ടം. അതായത് കോളയല്ല പച്ചവെള്ളമാണ് കുടിക്കേണ്ടതെന്ന റൊണാള്‍ഡോയുടെ ആംഗ്യം കൊക്ക കോളക്ക് ഒറ്റ ദിവസത്തിലുണ്ടാക്കിയത് കോടികളുടെ നഷ്ടമാണ്.
ഇന്നലെ നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് തനിക്ക് മുമ്പിലിരുന്ന കൊക്കോ കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജങ്ക് ഫുഡുകൾക്കെതിരെ നേരത്തെയും ക്രിസ്റ്റ്യാനോ റോണാള്‍ഡോ പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു. തന്റെ മകന്റെ ജങ്ക് ഫുഡ് ഭ്രമത്തെ കുറിച്ച് സംസാരിച്ച താരം, അക്കാര്യത്തിൽ താൻ കർക്കശക്കാരനാണെന്ന് പറയുകയുണ്ടായി. അവൻ ചിലപ്പോൾ കോളയും ഫാന്റയും പായ്ക്കറ്റ് സ്നാക്കുകളും കഴിക്കാറുണ്ടെന്നും തനിക്ക് അത് ഇഷ്ടമുള്ള കാര്യമല്ലെന്ന് അവന് അറിയാമെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്.
യൂറോ കപ്പിന്റെ സ്പോണ്‍സര്‍മാരായ കൊക്ക കോള റൊണാള്‍ഡോയുടെ നിലപാടിനോട് പ്രതികരിച്ചത് എല്ലാവര്ക്കും പാനീയങ്ങളുടെ കാര്യത്തില്‍ അവരവരുടേതായ മുന്‍ഗണനകളുണ്ട് എന്നാണ്. ആവശ്യങ്ങളും അഭിരുചികളും വ്യത്യസ്തമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വരുന്ന താരങ്ങള്‍ക്ക് കോളയും വെള്ളവും നല്‍കാറുണ്ടെന്ന് യൂറോ വക്താവ് പ്രതികരിച്ചു.