'സർവ്വാധിപത്യം' ചെന്നെെയ്ക്ക് കൂറ്റൻ ജയം, കൊൽക്കത്തയെ തകർത്തത് 49 റൺസിന്
|കൊൽക്കത്തയുടെ ജേസൺ റോയ്, റിങ്കു സിങ് എന്നിവർ ടീമിനായി പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.
മത്സരത്തിൽ ഉടനീളം സർവ്വാധിപത്യം പുലർത്തിയ ചെന്നെെയുടെ പോരാളികൾക്ക് കൂറ്റൻ ജയം. കൊൽക്കത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് 49 റൺസിന്റെ വിജയമാണ് കരസ്ഥമാക്കിയത്.
ചെന്നെെ ഉയർത്തിയ 236 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു. കൊൽക്കത്തയുടെ ജേസൺ റോയ്, റിങ്കു സിങ് എന്നിവർ ടീമിനായി പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.
റോയ് 26 പന്തിൽ 61 റൺസും റിങ്കു 33 പന്തിൽ 53 റൺസും നേടി. ചെന്നെെയുടെ തുഷാർ ദേശ് പാണ്ഡെ, മഹേഷ് തീക്ഷണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി ചെന്നെെയുടെ വിജയം എളുപ്പത്തിലാക്കി.
കളിയുടെ ആദ്യപാതിയിൽ അജിങ്ക്യ രഹാനയുടെയും ഡെവൺ കോൺവെയുടെയും ശിവം ദുബെയുടെയും ബാറ്റിംഗ് മികവിലാണ് ചെന്നെെ കൂറ്റൻ സ്കോർ പടത്തുയർത്തിയത്.
ടോസ് ലഭിച്ച കൊൽക്കത്ത ചെന്നെെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ചെന്നെെ സ്വന്തമാക്കിയത്.
ഓപ്പണിംഗിൽ ഋതുരാജ് - ഡെവൺ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 73 റൺസാണ് ഒന്നാം വിക്കറ്റിൽ ചെന്നെെ സ്വന്തമാക്കിയത്.
എന്നാൽ 35 റൺസെടുത്ത ഋതുരാജിനെ കൊൽക്കത്തയുടെ സുയാഷ് ബൗൾഡാക്കി. എന്നാൽ തൊട്ടുപിന്നാലെ എത്തിയ രഹാനയും ചെന്നെെയ്ക്ക് വേണ്ടി കത്തികയറി.
ഇതിനിടെ കോൺവെ അർധ സെഞ്ചുറി നേടി. പിന്നീട് എത്തിയ ശിവം ദുബെ കൂട്ടുപിടിച്ച് രഹാനെ ചെന്നെെയുടെ സ്കോർ അതിവേഗം ഉയർത്തി. 32 പന്തിൽ 85 റൺസാണ് സഖ്യം ടീമിന് വേണ്ടി കൂട്ടിച്ചേർത്തത്.
രഹാനെ 24 പന്തുകളിൽ നിന്ന് 50 നേടിയപ്പോൾ ശിവം ദുബെ 20 പന്തിൽ 50 റൺസ് നേടി. എന്നാൽ ഇതിന് തൊട്ടുപിന്നാലെ കൊൽക്കത്തയുടെ കുൽവന്തിന്റെ പന്തിൽ ദുബെ പുറത്തായി.
പിന്നീട് എത്തിയ ജഡേജയും രഹാനയ്ക്ക് മികച്ച പിന്തുണ നൽകുകയായിരുന്നു. ഇരുവരും ചേർന്ന് അവസാന ഓവറുകളിൽ ടീം സ്കോർ 200 കടത്തി. ഇതിനിടെ അവസാന ഓവറിൽ ജഡേജ പുറത്തായി. അവസാനമിറങ്ങിയ ക്യാപ്റ്റൻ ധോണി 2 റൺസ് കൂടി കൂട്ടിച്ചേർത്തതോടെയാണ് ടീം സ്കോർ 235 എത്തിയത്.
A convincing 4️⃣9️⃣-run win for @ChennaiIPL in Kolkata 🙌🏻
— IndianPremierLeague (@IPL) April 23, 2023
They move to the 🔝 of the Points Table 😎
Scorecard ▶️ https://t.co/j56FWB88GA #TATAIPL | #KKRvCSK pic.twitter.com/u7LJLGwKyC
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ജഗദീഷൻ, നരെയ്ൻ എന്നിവരാണ് പുറത്തായത് ജഗദീഷൻ ഒരു റൺസും നരെയ്ൻ റൺസൊന്നുമെടുക്കാതെയുമാണ് പുറത്തായത്. പിന്നീട് എത്തിയ വെങ്കിടേഷ് അയ്യർക്കും നിതീഷ് റാണയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വെങ്കിടേഷ് 20 റൺസും, നിതീഷ് 27 റൺസുമെടുത്ത് പുറത്തായി.
പിന്നീടാണ് കൊൽക്കത്തയ്ക്ക് പ്രതീക്ഷകൾ പകർന്നുകൊണ്ട് റോയ് - റിങ്കു സഖ്യം ആരംഭിച്ചത്. എന്നാൽ റോയ് പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിച്ചു.
തുടർന്നെത്തിയ റസലിനും സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.