ധവാൻ നയിച്ചു; ഡൽഹിക്ക് ആറ് വിക്കറ്റ് ജയം
|ധവാന്‍റെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിൽ പഞ്ചാബിനെതിരേ ഡൽഹിക്ക് ആറ് വിക്കറ്റ് വിജയം.
ധവാന്റെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിൽ പഞ്ചാബിനെതിരേ ഡൽഹിക്ക് ആറ് വിക്കറ്റ് വിജയം. പഞ്ചാബ് ബോളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചുള്ള ധവാന്റെ ബാറ്റിങാണ്് ഡൽഹിയുടെ ഇന്നിങ്‌സിന്റെ നെടുംതൂണായത്. പക്ഷേ സെഞ്ച്വറിക്ക് എട്ടു റൺസ് അകലെ ധവാൻ വീണു. 49 പന്തിലാണ് ധവാൻ 92 റൺസ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ ധവാനും പൃഥ്വി ഷായും ഡൽഹിക്ക് മികച്ച തുടക്കം നൽകി. 32 റൺസുമായി പൃഥ്വി ഷാ മടങ്ങിയെങ്കിലും ധവാൻ അടിയുറച്ചു നിന്നു. പിന്നാലെ വന്ന് സിമിത്തിന് അധികമൊന്നും ചെയ്യുവാൻ സാധിച്ചില്ല. ഒമ്പത് റൺസുമായി സ്മിത്ത് കൂടാരം കയറി. നായകൻ പന്ത് 15 റൺസോടെ മടങ്ങിയെങ്കിലും ലളിത് യാദവിനെ (12) കൂടുപിടിച്ച് സ്റ്റോയിനിസ് (27) ഡൽഹിയെ വിജയതീരത്തെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. പഞ്ചാബിനായി റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റ് നേടി.
മെറിഡിത്ത് എറിഞ്ഞ 13-ാം ഓവറിൽ തുടർച്ചയായി നാലു ഫോറുകളാണ് പിറന്നത്. അതിൽ മൂന്നും ധവാന്റെ ബാറ്റിൽ നിന്നായിരുന്നു നാലാമത്തേത് വൈഡ് ഫോറായിരുന്നു. ധവാന് മടങ്ങിയതോടെ പഞ്ചാബ് കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിയെങ്കിലും ഷമി എറിഞ്ഞ 13-ാം ഓവറിൽ രണ്ട് നോബോളുകൾ വന്നതോടെ പഞ്ചാബിന്റെ വിധിയെഴുത്ത് പൂർത്തിയായി.
നേരത്തെ ഓപ്പണർമാരായ കെ.എൽ രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും പിൻബലത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 195 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിച്ച ഓപ്പണർമാരാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. മായങ്ക് അഗർവാൾ ഒരു വശത്ത് കൂറ്റൻ അടിയുമായി റൺറേറ്റ് ഉയർത്തിയപ്പോൾ മറുവശത്ത് വിക്കറ്റു കളയാതെ മെല്ലെ സ്‌കോറിങ് ഉയർത്തുന്ന ബാറ്റിങാണ് രാഹുൽ കാഴ്ചവെച്ചത്
പഞ്ചാബിനായി മായങ്ക് അഗർവാൾ 36 പന്തിൽ 69 റൺസെടുത്തു. ആറ് ബൌണ്ടറികളും ഒരു സിക്‌സറും ഉൾപ്പടെയായിരുന്നു മായങ്ക് അഗർവാളിൻറെ ഇന്നിങ്‌സ്. അഗർവാളിന് മികച്ച പിന്തുണ നൽകിക്കൊണ്ട് ക്യാപ്റ്റനും ഓപ്പണറുമായി കെ.എൽ രാഹുലും അർദ്ധ സെഞ്ച്വറി കണ്ടെത്തി. 51 പന്തിൽ ഏഴ് ബൌണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പടെ രാഹുൽ 61 റൺസ് സ്‌കോർ ചെയ്തു. ഇരുവരും ചേർന്ന് നേടിയ 122 റൺസിൻറെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് ഇന്നിങ്‌സിൻറെ നട്ടെല്ലായത്.
ലുക്മാൻ മെറിവാലയാണ് പഞ്ചാബിൻറെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് ഡൽഹിക്ക് ബ്രേക് ത്രൂ നൽകിയത്. മെറിവാലയുടെ പന്തിൽ ശിഖർ ധവാന് ക്യാച്ച് നൽകി മായങ്ക് അഗർവാൾ പുറത്താകുകയായിരുന്നു. അധികം വൈകാതെ രാഹുലും മടങ്ങി. റബാദയുടെ പന്തിൽ മാർക്കസ് സ്റ്റോയ്‌നിസിന് ക്യാച്ച് നൽകിയായിരുന്നു രാഹുലിൻറെ മടക്കം. പിന്നീടെത്തിയ ക്രിസ് ഗെയിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒൻപത് പന്തിൽ 11 റൺസുമായി വോക്‌സിന് വിക്കറ്റ് സമ്മാനിച്ച് ഗെയിൽ പവലിയനിലെത്തി. നാലാമനായിറങ്ങിയ ദീപക് ഹൂഡയും ഷാരൂഖ് ഖാനും ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ 190 കടക്കാൻ സഹായിച്ചത്. ദീപക് ഹൂഡ 13 പന്തിൽ രണ്ട് സിക്‌സറുൾപ്പടെ 22 റൺസെടുത്തപ്പോൾ ഷാരൂഖ് ഖാൻ അഞ്ച് പന്തിൽ രണ്ട് ബൌണ്ടറിയും ഒരു സിക്‌സറും ഉൾപ്പടെ 15 റൺസെടുത്തു.