തോറ്റിട്ടും ടൈസണ് കിട്ടിയത് കോടികള്‍; ഫോബ്സ് റിപ്പോര്‍ട്ട് ഇങ്ങനെ
|ജേക്ക് പോള്‍ ടൈസണ്‍ പോരാട്ടം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് അരങ്ങേറിയതെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ കനക്കുന്നുണ്ട്
നീണ്ട 19 വർഷങ്ങൾ. ഇടിക്കൂട്ടിലേക്കുള്ള ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന്റെ തിരിച്ച് വരവിനെ ഹർഷാരവങ്ങളോടെയാണ് കായിക ലോകം വരവേറ്റത്. എന്നാൽ റിങ്ങിനുള്ളിൽ പഴയ ശൗര്യം നഷ്ടമായ ടൈസൻ 27 കാരൻ ജേക്ക് പോളിന് മുന്നിൽ എട്ട് റൗണ്ട് നീണ്ട പോരട്ടത്തിനൊടുവിൽ വീണു. 58 കാരനായ ബോക്സിങ് ഇതിഹാസത്തിന്റെ മുഖത്ത് പ്രായത്തിന്റെ അവശതകൾ കാണാമായിരുന്നു.
ആരാധക ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ മത്സരത്തിൽ തോറ്റെങ്കിലും ടൈസണ് മത്സരത്തിൽ പങ്കെടുത്തതിന് പ്രതിഫലമായി ലഭിക്കുക കോടികളാണ്. ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ടൈസണ് 169 കോടി രൂപയാണ് ലഭിക്കുക. ജേക്ക് പോളിന് 338 കോടിയും ലഭിക്കും. മത്സരത്തിന്റെ ആകെ സമ്മാനത്തുക 60 മില്യൺ ഡോളറാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ഏറ്റെടുത്തിരുന്നു. എന്നാൽ സംപ്രേക്ഷണത്തിൽ പലതവണ തടസ്സം നേരിട്ടെന്ന വ്യാപക പരാതികളുണ്ട്. അതിനിടയിൽ മത്സരം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് അരങ്ങേറിയതെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ കനക്കുന്നുണ്ട്.
പ്രത്യേക നിയമാവലിയോടെയാണ് ടൈസൺ-പോൾ പോരാട്ടം അരങ്ങേറിയത്. റൗണ്ടുകളുടെ ദൈർഘ്യവും ഇടിയുടെ ആഘാതം കുറക്കുന്നതിനായി പ്രത്യേക ഗ്ലൗസുകളും മത്സരത്തിനായി അനുവദിച്ചിരുന്നു.ജൂലൈ 20ന് നിശ്ചയിച്ചിരുന്ന പോരാട്ടം ടൈസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു.