Sports
വീണ്ടും തല; ജഡേജ പിന്മാറി, ധോണി ചെന്നൈ സൂപ്പർകിങ്സ് നായകന്‍
Sports

വീണ്ടും തല; ജഡേജ പിന്മാറി, ധോണി ചെന്നൈ സൂപ്പർകിങ്സ് നായകന്‍

Web Desk
|
30 April 2022 2:23 PM GMT

നായകനായ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയില് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നായകസ്ഥാനത്തേക്ക് വീണ്ടും ധോണിയെത്തുന്നത്.

ചെന്നൈ സൂപ്പര്‍കിങ്സ് നായകസ്ഥാനത്തേക്ക് വീണ്ടും മഹേന്ദ്രസിങ് ധോണി തിരിച്ചെത്തുന്നു. നായകനായ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയില് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നായകസ്ഥാനത്തേക്ക് വീണ്ടും ധോണിയെത്തുന്നത്. നായകസ്ഥാനം തിരിച്ചെടുക്കാനുള്ള മാനേജ്മെന്‍റിന്‍റെ ആവശ്യം ധോണി സമ്മതിച്ചു. ഈ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. നായക സ്ഥാനത്തു നിന്ന് ഒഴിവാകുമെങ്കിലും ടീമിന്‍റെ ഭാഗമായി തുടരുമെന്നും ധോണി അറിയിക്കുകയായിരുന്നു.

ധോണിക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍കിങ്സ് നായകസ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെയാണ് മാനേജ്മെന്‍റ് കണ്ടെത്തിയത്. ശേഷം ജഡേജയുടെ കീഴില്‍ പുതിയ സീസണ്‍ ആരംഭിച്ച ചെന്നൈക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു. എട്ട് കളികളില്‍ ആകെ ജയിക്കാനായത് രണ്ട് മത്സരങ്ങള്‍ മാത്രം. പോയിന്‍റ് ടേബിളില്‍ ആകട്ടെ ഒന്‍പതാം സ്ഥാനവും. ഇതിനുപുറമേ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദത്തില്‍ ജഡേജക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കഴിയാത്തതും ചര്‍ച്ചയായി. സീസണില്‍ ജഡേജ ഔട്ട് ഓഫ് ഫോമിലാണെന്ന് വലിയ തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയതും താരത്തെ ക്യാപ്റ്റന്‍സി ഒഴിയാന്‍ പ്രേരിപ്പിച്ചു.

ചെന്നൈയെ നയിക്കാൻ ജഡേജ തന്നെയാണ് ധോണിയോട് അഭ്യർത്ഥിച്ചത്. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ക്യാപ്റ്റന്‍സി ധോണിക്ക് കൈമാറുന്നതെന്നായിരുന്നു ജഡേജയുടെ പ്രതികരണം. ജഡേജയുടെ അഭ്യര്‍ഥന മാനിക്കുന്നതായും ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ തയ്യാറാണെന്നും ധോണി അറിയിച്ചു.

ധോണിക്ക് കീഴില്‍ നാല് തവണയാണ് ചെന്നൈ ഐ പി എല്‍ ചാമ്പ്യന്മാരായത്. 2010, 2011, 2018, 2021 സീസണുകളിലാണിത്. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് (2010, 2014) കിരീടവും നേടി. ഇതിനു പുറമെ 2008, 2012, 2013, 2015, 2019 സീസണുകളില്‍ റണ്ണേഴ്സായി. ധോണിക്ക് കീഴില്‍ ആകെ കളിച്ച 213 മത്സരങ്ങളില്‍ 130ലും ചെന്നൈ ജയിച്ചു.

Similar Posts