Sports
ഷാറൂഖ് ഖാന്‍ സ്റ്റേഡിയത്തില്‍ പുകവലിച്ചോ? സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം
Sports

ഷാറൂഖ് ഖാന്‍ സ്റ്റേഡിയത്തില്‍ പുകവലിച്ചോ? സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം

Web Desk
|
24 March 2024 10:51 AM GMT

വി.ഐ.പി ബോക്സിലുണ്ടായിരുന്ന ഷാറൂഖിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരില്‍ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത കുറിച്ചത്. അവസാന പന്ത് വരെ നീണ്ടു നിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നാല് റണ്‍സിനായിരുന്നു കെ.കെ.ആറിന്‍റെ വിജയം. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെ യുവതാരം ഹര്‍ഷിത് റാണയുടെ മിന്നും പ്രകടനമാണ് കൊല്‍ക്കത്തക്ക് ആവേശജയം സമ്മാനിച്ചത്. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വി.ഐ.പി ബോക്‌സില്‍ അരങ്ങേറിയൊരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാറൂഖ് ഖാന്‍ സ്‌റ്റേഡിയത്തിനകത്ത് വച്ച് പുകവലിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഷാറൂഖ് ഖാന്‍ പുകവലിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഇതുവരെ അധികൃതര്‍ ആരും സ്ഥിരീകരിച്ചിട്ടില്ല. ഷാറൂഖിനെതിരെ ആരാധകര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുമ്പോള്‍ വീഡിയോയുടെ ആധികാരികതയെ കുറിച്ച ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യയിലെ സ്‌റ്റേഡിയങ്ങളില്‍ പുകവലി നിരോധിച്ചതിനാല്‍ ഷാറൂഖിനെതിരെ നടപടിയുണ്ടാവുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.

മത്സരത്തില്‍ കൊൽക്കത്ത ഉയര്‍ത്തിയ 208 റൺസിന്റെ വമ്പൻ വിജയ ലക്ഷ്യം ബാറ്റിങിനിറങ്ങിയ സൺറൈസേഴ്‌സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ താരം ഹെന്റിക് ക്ലാസൻ സന്ദർശകർക്ക് ജയമൊരുക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 20ാം ഓവറിലെ അഞ്ചാം പന്തിൽ ക്ലാസനെ ഹർഷിത് പുറത്താക്കിയത്. ഇത് മത്സര ഗതിയെ മാറ്റിമറിച്ചു. 29 പന്തിൽ എട്ട് സിക്‌സറുമായി 63 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. അഞ്ച് പന്തിൽ 16 റൺസുമായി ഷഹബാസ് അഹമ്മദും മികച്ച പിന്തുണ നൽകി. ഓപ്പണിങിൽ മയങ്ക് അഗർവാളും അഭിഷേക് ശർമ്മയും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. 21 പന്തിൽ 32 റൺസെടുത്ത് അഗർവാളും 19 പന്തിൽ 32 റൺസെടുത്ത അഭിഷേകും പുറത്തായതോടെ ടീം വലിയ തിരിച്ചടി നേരിട്ടു. രാഹുൽ ത്രിപാഠി(20), എയ്ഡൻ മാർക്രം(18),അബ്ദുൽ സമദ്(15) എന്നിവർ വലിയ ഇംപാക്ടുണ്ടാക്കാതെ മടങ്ങിയത് എസ്ആർഎച്ചിന് തിരിച്ചടിയായി. എന്നാൽ 19ാം ഓവറിൽ ഐപിഎലിലെ വിലയേറിയ താരം മിച്ചൽ സ്റ്റാർകിനെ ക്ലാസനും ഷഹബാസും ചേര്‍ന്ന് നാല് സിക്‌സർ പറത്തിയതോടെയാണ് കളി വീണ്ടും ആവേശത്തിലേക്ക് കടന്നത്. എന്നാൽ അവസാന ഓവറിൽ കൊൽക്കത്ത വിജയം പിടിച്ചു വാങ്ങുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. എട്ടാമനായി ക്രീസിലെത്തി തകർത്തടിച്ച വിൻഡീസ് താരം ആന്ദ്രെ റസലിന്റെ മികവിലാണ് 17ാം സീസണിലെ ആദ്യ 200 റൺസ് നേട്ടം കെകെആർ സ്വന്തമാക്കിയത്. 25 പന്തിൽ ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 64 റൺസെടുത്ത റസൽ പുറത്താകാതെ നിന്നു. 15 പന്തിൽ 23 റൺസുമായി റിങ്കുസിങ് റസലിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തുടരെ സിക്സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭരായി. കെകെആറിന്റെ തുടക്കം മികച്ചതായിരുന്നില്ല. തുടരെ വിക്കറ്റുകൾ നഷ്ടമായ മുൻ ചാമ്പ്യൻമാര്‍ക്ക് ജേസൻ റോയിക്ക് പകരം ടീമിലെത്തിയ ഫിൽ സാൾട്ടിന്റെ അർധ സെഞ്ച്വറിയാണ് രക്ഷക്കെത്തിയത്. 40 പന്തിൽ 54 റൺസ് നേടിയ സാൾട്ടിനെ മയങ്ക് മാർക്കണ്ഡെ മടക്കി. ഓപ്പണിങ് സ്ഥാനകയറ്റം ലഭിച്ച സുനിൽ നരേൻ (2) റൺസുമായി റണ്ണൗട്ടായി. വെങ്കിടേഷ് അയ്യർ(7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ(0)നിതീഷ് റാണ(9) എന്നിവർ വേഗത്തിൽ പുറത്തായതോടെ ഒരുഘട്ടത്തിൽ കൊൽക്കത്ത വലിയ തിരിച്ചടി നേരിട്ടു.

എന്നാൽ ആറാമതായി ക്രീസിലെത്തിയ യുവതാരം രമൺദീപ് സിംഗ് മികച്ച പിന്തുണ നൽകി. 17 പന്തിൽ 35 റൺസ് നേടിയ ഇന്ത്യൻ താരം ഫിൽസാൾട്ടിനൊപ്പം സ്‌കോറിങ് വേഗംകൂട്ടി. ഒടുവിൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രമൺദീപിനെ പുറത്താക്കി പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ ഒന്നിച്ച ആന്ദ്രെ റസൽ-റിങ്കുസിങ് കൂട്ടുകെട്ട് ആഞ്ഞടിച്ചതോടെ മികച്ച ടോട്ടലിലേക്ക് ആതിഥേയർക്കെത്താനായി. സൺറൈസേഴ്സ് നിരയിൽ നടരാജൻ മൂന്ന് വിക്കറ്റും മയങ്ക് മാർക്കണ്ഡെ രണ്ടുവിക്കറ്റും നേടി.

Similar Posts