'പൃഥ്വി ഷാ ആരാണെന്ന് പോലും അറിയില്ലായിരുന്നു'; സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ സപ്ന ഗിൽ കോടതിയിൽ
|ആക്രമണം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പൃഥ്വി അന്ന് തന്നെ പരാതി നൽകിയില്ലെന്ന് അഭിഭാഷകൻ
മുംബൈ: ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാറിന് നേരെ ആക്രമണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറും ഭോജ്‍പുരി നടിയുമായ സപ്ന ഗില്ലിനെ ഫെബ്രുവരി 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.പൃഥ്വി ഷാ ആരാണെന്ന് പോലും തനിക്കറിയില്ലെന്ന് സ്വപ്ന ഗിൽ കോടതിയെ അറിയിച്ചു.
'എന്റെ സുഹൃത്ത് പൃഥി ഷായോട് സെൽഫി ചോദിച്ചു. അയാൾ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞങ്ങൾ രണ്ട് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൃഥ്വി ഷാക്കൊപ്പം എട്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു'. പൃഥ്വി ഷാ മദ്യപിച്ചിരുന്നെന്നും വിഷയം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും സപ്ന അന്ധേരി കോടതിയിൽ പറഞ്ഞു.
50,000 രൂപ കൊടുത്ത് കേസ് അവസാനിപ്പിക്കണം എന്നൊന്നും സ്വപ്ന പറഞ്ഞില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ഇതിന് തെളിവില്ല. സ്വപ്ന സ്വാധീനമുള്ളയാളാണ്. അങ്ങനെ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പൃഥ്വി അന്ന് തന്നെ പരാതി നൽകിയില്ലെന്നും അഭിഭാഷകൻ വാദിച്ചു. 15 മണിക്കൂറിന് ശേഷം മാത്രമാണ് പൃഥ്വി ഷാ പൊലീസിലെ സുഹൃത്ത് വഴി പരാതി ലഭിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പൃഥ്വി ഷായ്ക്ക് മദ്യപാന ശീലമുണ്ടെന്നും അതിനാലാണ് ബിസിസിഐ അദ്ദേഹത്തെ വിലക്കിയതെന്ന മാധ്യമ റിപ്പോർട്ടുകളും നിരത്തിയായിരുന്നു സ്വപ്ന ഗില്ലിന്റെ അഭിഭാഷകന്‍ വാദിച്ചത്.
പൃഥ്വി ഷാ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സപ്ന ഗില്ലിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത ഹിയറിംഗിൽ ഞങ്ങൾ സപ്നയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കോടതി അത് അനുവദിച്ചാലുടൻ ജാമ്യത്തിനായി അപ്പീൽ നൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സെൽഫി എടുക്കുന്നതിനുമായി ബന്ധപ്പെട്ടായിരുന്നു പൃഥിഷായെ ആക്രമിച്ചതെന്നാണ് പരാതി. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലെ ഒരു ഹോട്ടലിന് പുറത്ത് പൃഥ്വി ഷായെ മർദിക്കുകയും ബേസ്‌ബോൾ ബാറ്റുകൊണ്ട കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നാണ് പരാതി. തർക്കത്തിന്റെയും വാക്കേറ്റത്തിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.