'കമന്‍റേറ്ററായെങ്കിലും'; ഐ.പി.എല്ലിനിടെ ഹര്‍ദിക് പാണ്ഡ്യ തന്നെ സ്ലഡ്ജ് ചെയ്തെന്ന് ദിനേശ് കാര്‍ത്തിക്ക്
|ഒരു സ്പോര്‍ട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരിയറിൽ താൻ നേരിട്ട സ്ലഡ്ജിങ്ങുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ദിനേശ് കാർത്തിക്ക്.
ഐ.പി.എൽ 17ാം സീസണിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ തന്നെ സ്ലഡ്ജ് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ആർ.സി.ബി താരം ദിനേശ് കാർത്തിക്ക്. ഒരു സ്പോര്‍ട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരിയറിൽ താൻ നേരിട്ട സ്ലഡ്ജിങ്ങുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ദിനേശ് കാർത്തിക്ക്.
'മുംബൈ ബംഗളൂരു മത്സരത്തിനിടെ ഹർദിക് എന്റെ അടുത്തേക്ക് വന്നു. ഇപ്പോൾ ഒരു ലെഗ് സ്പിന്നർ വരും. അയാൾക്ക് നന്ദി പറയേണ്ട സമയമാണിത് എന്ന് പറഞ്ഞു. പിന്നീട് ഞാൻ കുറച്ച് നല്ല ഷോട്ടുകൾ കളിച്ചു. അപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞത് ബാറ്റിങ് കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ്. കമന്റേറ്ററാണെങ്കിലും ഞാൻ നന്നായി കളിക്കുന്നുണ്ട് എന്ന് അദ്ദേഹം തമാശ രൂപത്തിൽ പറയുന്നുണ്ടായി. പാണ്ഡ്യ ഒരു നല്ല സുഹൃത്താണ്. ഇതൊക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു'- കാർത്തിക്ക് പറഞ്ഞു.
ടി 20 ലോകകപ്പിനെ കുറിച്ച് രോഹിത് ശര്‍മ തനിക്ക് ഇക്കുറി അനാവശ്യ പ്രതീക്ഷകള്‍ നല്‍കിയെന്നും കാര്‍ത്തിക്ക് തമാശ കലര്‍ത്തി പറഞ്ഞു. ഐ.പി.എല്ലില്‍ മുംബൈ ബംഗളൂരു മത്സരത്തിനിടെ കാര്‍ത്തിക്കിനടുത്ത് എത്തിയ രോഹിത് 'വെല്‍ഡണ്‍ ഡി.കെ.. നിങ്ങള്‍ ലോകകപ്പ് കളിക്കണം' എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റ് കരിയർ അവസാനിക്കും എന്ന് തോന്നിച്ച ഘട്ടത്തിൽ കമന്ററി ബോക്‌സിൽ ദിനേശ് കാർത്തിക്ക് അടുത്തിടെ സജീവമായിരുന്നു. പിന്നീട് ആർ.സി.ബി ജഴ്‌സിയിൽ വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തി. തന്റെ ശൗര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഈ സീസണിൽ കാർത്തിക്കിന്റെ പ്രകടനങ്ങൾ. പലവുരു ഫിനിഷറുടെ റോളിൽ കാർത്തിക്കിന്റെ മിന്നലാട്ടങ്ങൾ ഐ.പി.എൽ മൈതാനങ്ങൾ കണ്ടു. 15 മത്സരങ്ങൾ കളിച്ച കാർത്തിക്ക് 326 റൺസാണ് ഈ സീസണിൽ അടിച്ച് കൂട്ടിയത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് കമന്‍റേറ്റര്‍ പാനലിലും കാർത്തിക്കുണ്ട്.