Sports
അഫ്ഗാന്‍റെ ജയങ്ങളെ ഇനിയും ഫ്ലൂക്കെന്ന് വിളിച്ച് അധിക്ഷേപിക്കരുത്
Sports

അഫ്ഗാന്‍റെ ജയങ്ങളെ ഇനിയും ഫ്ലൂക്കെന്ന് വിളിച്ച് അധിക്ഷേപിക്കരുത്

Web Desk
|
27 Feb 2025 3:24 PM GMT

അഫ്ഗാൻ പോലുള്ള ടീമുകൾക്ക് എലൈറ്റ് ടൂർണമെന്റുകൾ കളിക്കാനുള്ള യോഗ്യതയുണ്ടോ എന്ന ചർച്ച പോലും ഒരു കാലത്ത് ക്രിക്കറ്റ് പണ്ഡിറ്റുകൾക്കിടയിലരങ്ങേറിയിരുന്നു

''ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിട്ടണം. അവിടെ വച്ച് എല്ലാ കണക്കും തീർക്കും''; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് വഴങ്ങിയ ശേഷവും ഇംഗ്ലീഷ് ബാറ്റർ ബെൻ ഡക്കറ്റ് ഏറെ ആത്മവിശ്വാസത്തിലായിരുന്നു. കഴിഞ്ഞ ദിവസം ലാഹോറിൽ നടന്ന ത്രില്ലറിൽ അഫ്ഗാനോട് തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ സെമി പോലും കാണാതെ ഇംഗ്ലീഷ് സംഘം പുറത്തായതോടെ എയറിൽ കയറിയതാണ് ഡക്കറ്റ്. ഇനിയും താഴെയിറക്കിയിട്ടില്ല ആരാധകർ. മത്സരം നടന്നു കൊണ്ടിരിക്കേ തന്നെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഡക്കറ്റിനെ ട്രോളി രംഗത്തെത്തി. 'ആദ്യം അഫ്ഗാനോട് ജയിക്കുമോ എന്ന് നോക്ക്. എന്നിട്ട് നമുക്ക് സെമിയെ കുറിച്ചും ഫൈനലിനെ കുറിച്ചുമൊക്കെ ആലോചിക്കാം' എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.

2012 ടി20 ലോകകപ്പ്. ഗ്രൂപ്പ് എ യിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ട് അന്ന് അഫ്ഗാനെ നേരിടുകയായിരുന്നു. കളിക്ക് മുമ്പേ ഏകപക്ഷീയമായൊരു ഫലം പ്രവപചിച്ച ക്രിക്കറ്റ് പണ്ഡിറ്റുകൾക്കൊന്നും തെറ്റിയില്ല. ഇംഗ്ലണ്ട് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാന് 26 റൺസെടുക്കുന്നതിനിടെ നഷ്ടമായത് എട്ട് വിക്കറ്റുകൾ. 44 റൺസുമായി ഗുൽബദ്ധീൻ നായിബ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു നാണക്കേടിൽ നിന്ന് അഫ്ഗാനെ അന്ന് രക്ഷിച്ചത്. കൊളംബോയിൽ ഇംഗ്ലണ്ട് 116 റൺസിന്റെ കൂറ്റൻ ജയം കുറിച്ചു. അഫ്ഗാൻ പോലുള്ള ടീമുകൾക്ക് എലൈറ്റ് ടൂർണമെന്റുകൾ കളിക്കാനുള്ള യോഗ്യതയുണ്ടോ എന്ന ചർച്ച പോലും അന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾക്കിടയിലരങ്ങേറി.

ആ തോൽവിക്ക് ശേഷം ഒന്നരപ്പതിറ്റാണ്ടിനോടുക്കുന്നു. അന്ന് ടീമിലുണ്ടായിരുന്ന മുഹമ്മദ് നബിയും ഗുൽബദ്ധീൻ നായിബും ഇന്നും അഫ്ഗാൻ സംഘത്തിനൊപ്പമുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി അഫ്ഗാൻ സെമി പ്രതീക്ഷകൾ സജീവമാക്കുമ്പോൾ മുഹമ്മദ് നബി എന്ന 40 കാരൻ ലാഹോറിൽ ഇന്നലെ കുറിച്ചത് 40 റൺസ്. അതും വെറും 24 പന്തിൽ. ഇബ്രാഹിം സദ്‌റാനൊപ്പം അർധ സെഞ്ച്വറിക്കൂട്ടുകെട്ട് പടുത്തുർത്തിയ താരം സ്‌കോർ ബോർഡിൽ നിർണായക സംഭാവന ചേർത്താണ് മടങ്ങിയത്. ഏഴാമനായിറങ്ങിയ നബിയുടെ ബാറ്റിൽ നിന്ന് മൂന്ന് പടുകൂറ്റൻ സിക്‌സും രണ്ട് ഫോറും പിറന്നു. ജാമി ഓവർട്ടൺ എറിഞ്ഞ 42ാം ഓവറിലെ അഞ്ചാം പന്തിനെ മനോഹരമായൊരു കട്ട് ഷോട്ടിലൂടെ അതിർത്തി കടത്തുമ്പോൾ ഡ്രസ്സിങ് റൂമിലിരുന്ന് അയാളുടെ ഇന്നിങ്‌സ് ആസ്വദിക്കുന്ന അഫ്ഗാൻ ടീമിന്റെ മെന്ററും പാക് ഇതിഹാസവുമായ യൂനിസ് ഖാനെ കാണാമായിരുന്നു.

ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മേജർ ടൂർണമെന്റുകളിൽ സമകാലിക ക്രിക്കറ്റിലെ അതികായര്‍ പലരും അണിനിരക്കുന്ന ഇംഗ്ലീഷ് സംഘത്തെ പരാജയപ്പെടുത്തുക. മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനും ശ്രീലങ്കക്കും യോഗ്യത നേടാനാവാത്ത ചാമ്പ്യൻസ് ട്രോഫിക്ക് ടിക്കറ്റെടുക്കുക. വിശ്വ വേദികളിൽ തുടർച്ചയായി ഫേവറേറ്റുകളെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനങ്ങൾ പുറത്തെടുക്കുക. ക്രിക്കറ്റ് ലോകത്ത് അഫ്ഗാന്റെ വിജയങ്ങളെ ഫ്‌ളൂക്കെന്ന് വിളിച്ചാരും ഇനി അധിക്ഷേപിക്കില്ല. തീർച്ച.

ലാഹോറിൽ ഇന്നലെ 37 റൺസെടുക്കുന്നതിനിടെ മൂന്ന് അഫ്ഗാൻ ബാറ്റർമാരെ കൂടാരം കയറ്റുമ്പോൾ ജോഫ്ര ആർച്ചറുടെ മുഖത്ത് അമിതാവേശമൊന്നുമുണ്ടായിരുന്നില്ല. ഇതെളുപ്പമാണെന്ന ഭാവമായിരുന്നോ അത്? പക്ഷെ ഇതത്ര എളുപ്പമല്ലെന്ന് പിന്നെ ഇബ്രാഹിം സദ്‌റാൻ ഇംഗ്ലീഷ് സംഘത്തോട് വിളിച്ച് പറഞ്ഞു. ലാഹോറിൽ ഒമ്പതോവർ പിന്നിടുമ്പോൾ 37 ന് മൂന്ന് എന്ന നിലയിലായിരുന്നു അഫ്ഗാൻ. അടുത്ത നാലോവറിൽ അവർ അടിച്ചെടുത്തത് വെറും ആറ് റൺസ്. 20 ഓവർ പിന്നിടുമ്പോൾ സ്‌കോർ ബോർഡിൽ 80 റൺസാണ് ആകെയുണ്ടായിരുന്നത്. ആ സമയത്ത് അഫ്ഗാൻ 300 ൽ തൊടുമെന്ന് സ്വപ്‌നത്തിൽ പോലും ആരും കരുതിക്കാണില്ല. പിന്നെ ക്യാപ്റ്റൻ ഹസ്മതുല്ലാഹ് ഷാഹിദിയെ കൂട്ടുപിടിച്ച് സദ്‌റാന്‍ ബാറ്റ് വീശിയത് ചരിത്രത്തിലേക്കാണ്.

കൂറ്റനടികൾ കൊണ്ട് കളംനിറഞ്ഞ സദ്‌റാൻ 146 പന്തിൽ 6 സിക്‌സുകളുടേയും 12 ഫോറുകളുടേയും അകമ്പടിയിൽ അടിച്ചെടുത്തത് 177 റൺസ്. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ച്വറി. ഒപ്പം ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന് സ്‌കോറും തന്റെ പേരിലാക്കി ചരിത്രമെഴുതി. നാല് ദിവസം മുമ്പ് ഇംഗ്ലണ്ടിന്റെ തന്നെ ബെൻ ഡക്കറ്റ് കുറിച്ച ചരിത്രമാണ് ഡക്കറ്റിന് മുന്നിൽ വച്ച് തന്നെ സദ്‌റാൻ പഴങ്കഥയാക്കിയത്. സദ്‌റാനൊപ്പം നബിയും തകർത്തടിച്ചതോടെ അവസാന പത്തോവറിൽ മാത്രം അഫ്ഗാൻ സ്‌കോർ ബോർഡിൽ ചേർത്തത് 113 റൺസ്.

മറുപടി ബാറ്റിങ്ങിൽ ജോ റൂട്ട് അഫ്ഗാനെ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും ഒമർസായി ബ്രില്ല്യൻസിന് മുന്നിൽ ഇംഗ്ലീഷ് സംഘത്തിന് ആയുധം വച്ച് കീഴടങ്ങേണ്ടി വന്നു. നിർണായക ഘട്ടങ്ങളിൽ വന്മരങ്ങളെ തന്നെ കടപുഴക്കിയാണ് ഒമർസായി അഫ്ഗാന് ആവേശ ജയം സമ്മാനിച്ചത്. നാലാം ഓവറിൽ ഫിൽ സാൾട്ടിന്റെ കുറ്റി തെറിപ്പിച്ച് ആദ്യ പ്രഹരം. ജോ റൂട്ടിനൊപ്പം 83 റൺസ് ചേർത്ത് മുന്നേറിയ ക്യാപ്റ്റൻ ജോസ് ബട്‌ലറെ 37ാം ഓവറിൽ റഹ്‌മത്ത് ഷായുടെ കയ്യിലെത്തിച്ചു. 46ാം ഓവറിൽ ജോ റൂട്ടിനെ തന്നെ വീഴ്ത്തി നിർണായക ബ്രേക് ത്രൂ. ഇംഗ്ലണ്ടിനെ വീഴാതെ വിജയത്തിലേക്ക് വഴിനടത്തുമെന്ന് തോന്നിച്ച ജാമി ഓവേർട്ടണെ 48ാം ഓവറിൽ വീഴ്ത്തി. അവസാന രണ്ട് പന്തിൽ ഒമ്പത് റൺസ് വേണമെന്നിരിക്കേ ആദിൽ റഷീദിനെയും പറഞ്ഞ് വിട്ട് ഒടുക്കം ഒമർസായി ആ ചരിത്ര ജയത്തിന്റെ കടിഞ്ഞാൺ സദ്‌റാനൊപ്പം ചേർത്ത് പിടിച്ചു.

ലാഹോറിൽ അഫ്ഗാന്റെ ഐതിഹാസിക വിജയത്തിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എക്‌സിൽ കുറിച്ചതിങ്ങനെയാണ്.'' അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാന്റെ നേട്ടങ്ങൾ ക്രിക്കറ്റ് ലോകത്തിന് വലിയ ഇന്‍സ്പിറേഷനാണ്. അവരുടെ വിജയങ്ങളെ ഇനിയാരും അട്ടിമറികളെന്ന് വിളിക്കരുത്. അവരിപ്പോൾ ഇതൊരു ശീലമാക്കിയിട്ടുണ്ട്''

ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും അഫ്ഗാനും എക്കാലവും ഭായി-ഭായിയാണ്. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് അഫ്ഗാൻ കുറിച്ച നേട്ടങ്ങൾക്ക് അവർ ഇന്ത്യയോടും കടപ്പെട്ടിരിക്കും. കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധികൾ കാരണം വഴിമുട്ടിയ അഫ്ഗാൻ ക്രിക്കറ്റിന് മുന്നിൽ ഇന്ത്യയാണ് ആദ്യ സഹായ ഹസ്തം നീട്ടിയത്. ഗ്രേറ്റർ നോയിഡയിലേയും ഡെറാഡൂണിലേയും സ്‌റ്റേഡിയങ്ങൾ ഹോം മത്സരങ്ങൾക്കായി അഫ്ഗാൻ ടീമിന് ബി.സി.സി.ഐ വിട്ടുനൽകി. മൊത്തം ബൈലാറ്ററൽ സീരീസുകളിൽ അരങ്ങേറിയ 200 മത്സരങ്ങളിൽ 35 മത്സരങ്ങളിലും അഫ്ഗാന്റെ ഹോം ഗ്രൗണ്ടുകൾ ഇന്ത്യൻ മൈതാനങ്ങളായിരുന്നു. അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാനും മുൻ ഇന്ത്യൻ താരങ്ങളടക്കമുള്ളവർ പല കാലങ്ങളിലായി കോച്ചിങ് സംഘത്തിനൊപ്പമുണ്ടായിരുന്നു. അജയ് ജഡേജ, മനോജ് പ്രഭാകർ, ലാൽചന്ദ് രജ്പുത്, ആർ. ശ്രീധർ തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലെ പ്രമുഖരാണ്. ഒപ്പം ഐ.പി.എല്ലും നിരവധി പ്രതിഭകളുടെ ഉദയത്തിന് അരങ്ങൊരുക്കി.

മുൻ ഇംഗ്ലീഷ് താരമായ ജൊനാഥൻ ട്രോട്ടാണിപ്പോൾ അഫ്ഗാൻ ടീമിന്റെ ഹെഡ് കോച്ച്. ലാഹോറിലെ ചരിത്ര വിജയത്തിന് ശേഷം ട്രോട്ട് പറഞ്ഞു വച്ചതിങ്ങനെ.'' ഇന്ന് രാത്രി കളിക്കാര്‍ മതിമറന്നാഘോഷിക്കാം. എന്നാല്‍ നാളെ ഉണരുമ്പോൾ അവരുടെ മനസ്സിൽ ആസ്‌ട്രേലിയ മാത്രമായിരിക്കും. അതെ.. ഞങ്ങള്‍ ആ കടമ്പയും കടക്കും''

Similar Posts