Sports
Babar Azam
Sports

'ടീമിനെ ഒന്നാം റാങ്കിലെത്തിച്ചത് ബാബറാണെന്ന കാര്യം മറക്കരുത്'; പിന്തുണയുമായി ഇന്ത്യന്‍ ഇതിഹാസം

Web Desk
|
14 Nov 2023 12:32 PM GMT

ഒമ്പത് കളികളിൽ നിന്ന് 320 റൺസാണ് ലോകകപ്പിൽ ബാബറിന്റെ സമ്പാദ്യം. നാല് അർധ സെഞ്ച്വറികളാണ് പാക് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്

ലോകകപ്പില്‍ പാകിസ്താന്‍റെ ദയനീയ പ്രകടനത്തില്‍‌ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാബറിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ബാബറിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തരുത് എന്ന് കപില്‍ പറഞ്ഞു.

''നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകൾ ബാബറിനെ വിമർശിക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പ് പാകിസ്താനെ ഒന്നാം റാങ്കിലെത്തിച്ചത് ഇതേ ബാബറാണെന്ന കാര്യം മറന്ന് പോവരുത്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളെ വിലയിരുത്തുന്നത് ആരാധകരുടെ ഒരു സ്ഥിരം സ്വഭാവമാണ്.

ആദ്യ മത്സരത്തിൽ ഒരു താരം സെഞ്ച്വറിയടിച്ചാൽ ആളുകൾക്കയാൾ സൂപ്പർ സ്റ്റാറാണ്. എന്നാൽ ഒരാൾ ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയാൽ അയാളെ പുറത്താക്കാൻ മുറവിളികൂട്ടും. ഇത് ശരിയല്ല. നിലവിലെ പ്രകടനം വച്ച് ഒരു താരത്തേയും വിലയിരുത്തതരുത്. അയാൾ കളിയെ എങ്ങനെ സമീപിക്കുന്നു എന്നത് മാത്രം നോക്കൂ. എത്ര മാത്രം പ്രതിഭ അയാളിലുണ്ട് എന്ന് നോക്കൂ''- കപില്‍ പറഞ്ഞു.

ഒമ്പത് കളികളിൽ നിന്ന് 320 റൺസാണ് ലോകകപ്പിൽ ബാബറിന്റെ സമ്പാദ്യം. നാല് അർധ സെഞ്ച്വറികളാണ് പാക് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറവിയെടുത്തത്.

''ടൂര്‍ണമെന്‍റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, വിശ്വകിരീടത്തില്‍ മുത്തമിടാനാണ് ഇന്ത്യയിലേക്ക് വരുന്നത്''- ലോകകപ്പിന് തൊട്ട് മുമ്പ് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞതിങ്ങനെയാണ്. എന്നാല്‍ ലോകകപ്പില്‍ ബാബര്‍ അസമിന്‍റെ കണക്കു കൂട്ടലുകളെല്ലാം തകര്‍ന്നടിഞ്ഞു. തോല്‍വികളോടെ തുടങ്ങിയ പാകിസ്താന്‍ അഫ്ഗാനിസ്ഥാന് മുന്നില്‍‌ വരെ നിലംപരിശായി.

ലോകകപ്പ് വേദികളില്‍ ഇന്ത്യക്ക് മുന്നില്‍ കവാത്ത് മറക്കുന്ന പാകിസ്താന് ഇക്കുറിയും ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലുമാവാതിരുന്ന ബാബറും സംഘവും 191 റണ്‍സിന് കൂടാരം കയറി. 30 ഓവറില്‍ ഇന്ത്യ വിജയതീരമണഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും കിവീസിനോടും നേടിയ വിജയങ്ങള്‍ പാകിസ്താന് ഒരല്‍പമെങ്കിലും സാധ്യതകള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട് പാക് പട മടക്ക ടിക്കറ്റെടുത്തു.

Related Tags :
Similar Posts