'ഹീറോ ആവാൻ നോക്കണ്ട'; ഹെൽമറ്റ് ധരിക്കാത്തതിന് സർഫറാസിനെ ശാസിച്ച് രോഹിത് ശര്‍മ
|രോഹിതിന്റെ വാക്കുകൾ സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെ വീഡിയോ വൈറലായി
റാഞ്ചി: റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികിലാണ്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയെ എറിഞ്ഞിട്ട് ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ 145 റൺസിന് കൂടാരം കയറ്റി. അഞ്ച് വിക്കറ്റ് നേടിയ ആർ അശ്വിനും നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാവാതെ 40 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ വിജയത്തിനും പരമ്പര നേട്ടത്തിനും ഇനി വെറും 152 റൺസിന്റെ ദൂരം മാത്രം.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിനിടെ റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രസകരമായൊരു സംഭവമരങ്ങേറി. ഇംഗ്ലണ്ട് വിക്കറ്റുകൾ ഓരോന്നായി വീണു കൊണ്ടിരിക്കെ സർഫറാസ് ഖാനെ ബാറ്റർക്ക് തൊട്ടരികിലായി സില്ലി പോയിന്റിൽ ഫീല്‍ഡ് ചെയ്യിക്കാന്‍ രോഹിത് ശർമ തീരുമാനിച്ചു. സാധാരണ ഇങ്ങനെ നിൽക്കുന്ന താരങ്ങൾ ഹെൽമറ്റ് ധരിച്ചാണ് ഫീല്‍ഡ് ചെയ്യാറ്. എന്നാൽ സർഫറാസ് ഹെൽമറ്റിണിയാതെയാണ് എത്തിയത്. ഇത് കണ്ട ഇന്ത്യൻ നായകൻ താരത്തെ ശാസിച്ചു. 'ഹെൽമറ്റ് ധരിക്കൂ.. ഹീറോ ആവാൻ നോക്കല്ലേ' എന്നായിരുന്നു രോഹിതിന്റെ ഉപദേശം. ക്യാപ്റ്റന്‍റെ വാക്കുകൾ സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെ വീഡിയോ വൈറലായി. പിന്നീട് കെ.എസ് ഭരത് സർഫറാസിന് ഹെൽമറ്റ് കൊണ്ടു നൽകിയ ശേഷമാണ് കളി പുനരാരംഭിച്ചത്.
രണ്ടാം ഇന്നിങ്‌സിൽ കൂട്ടത്തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്ന ഇന്ത്യയെ ധ്രുവ് ജുറേലിന്റെ അർധ സെഞ്ച്വറിയാണ് കൈപിടിച്ചുയര്‍ത്തിയത്. വാലറ്റത്ത് കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് ജുറേൽ നടത്തിയ പ്രകടനം ഇന്ത്യൻ സ്‌കോർ 300 കടത്തി. പത്ത് റണ്‍സ് അകലെയാണ് ജുറേലിന് സെഞ്ച്വറി നഷ്ടമായത്. 149 പന്തിൽ നിന്ന് ആറ് ഫോറുകളുടേയും നാല് സിക്‌സറിന്റേയും അകമ്പടിയിലാണ് താരം 90 റൺസ് അടിച്ചെടുത്തത്. 138 പന്തില്‍ 28 റണ്‍സെടുത്ത കുല്‍ദീപ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന്‍റെ വന്‍മതിലായി.