ജെയ്സ്വാളിന് ഇരട്ട സെഞ്ച്വറി; ഇന്ത്യ 396ന് പുറത്ത്
|ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ജയ്സ്വാൾ
വിശാഖപട്ടണം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. 209 റൺസെടുത്ത ഓപണർ യശസ്വി ജെയ്സ്വാളിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത്. ശുഭ്മൻ ഗിൽ (34 റൺസ്), രജത് പാട്ടീദാർ (32), ശ്രേയസ് അയ്യർ (27), അക്സർ പട്ടേൽ (27), രവിചന്ദ്ര അശ്വിൻ (20) എന്നിവരും ജെയ്സ്വാളിന് പിന്തുണയേകി.
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സനും ഷുഹൈബ് ബഷീറും റെഹാൻ അഹ്മദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോം ഹാർട്ടിലിക്കാണ് ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എടുത്തിട്ടുണ്ട്. 78 റൺസെടുത്ത സാക് ക്രൗളിയും 21 റൺസ് നേടിയ ബെൻ ഡെക്കറ്റുമാണ് പുറത്തായത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനുമാണ് വിക്കറ്റ്.
290 പന്തുകളിൽനിന്നായി ഏഴ് സിക്സും 19 ബൗണ്ടറികളുമായാണ് ജെയ്സ്വാൾ തന്റെ കന്നി ഇരട്ട സെഞ്ച്വറി കുറിച്ചത്. ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് 22കാരനായ ജയ്സ്വാൾ.
വിനോദ് കാംബ്ലി (21 വർഷം 32 ദിവസം), സുനിൽ ഗവാസ്കർ (21 വർഷം 277 ദിവസം) എന്നിവരാണ് ജെയ്സ്വാളിന് മുന്നിലുള്ളത്. 19 വയസ്സും 140 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച പാക്കിസ്താൻ്റെ ജാവേദ് മിയാൻദാദാണ് പട്ടികയിൽ ഒന്നാമത്.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ജെയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.