'ഇംഗ്ലണ്ടിന്‍റെ ഡബിൾ ട്രബിൾ'; സർഫറാസിനെയും ജയ്‌സ്വാളിനേയും വാനോളം പുകഴ്ത്തി സച്ചിൻ
|ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും യശസ്വി ജയ്‌സ്വാൾ ഇരട്ട ശതകം കുറിച്ചെങ്കിൽ രാജ്‌കോട്ട് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും അർധ ശതകം കുറിച്ച് സർഫറാസ് ഖാൻ ഏറെ കാത്തിരിപ്പുകൾക്ക് ശേഷമുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി
രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടെസ്റ്റ് വിജയം കുറിക്കുമ്പോൾ ഇന്ത്യൻ കോട്ടയുടെ നെടുംതൂണുകളായത് രണ്ട് യുവതാരങ്ങളാണ്. 22 കാരൻ യശസ്വി ജയ്‌സ്വാളും 26 കാരൻ സർഫറാസ് ഖാനും. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയര്‍ത്തിയ 172 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മുന്നില്‍ വലിയൊരു റണ്‍മല പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും യശസ്വി ജയ്‌സ്വാൾ ഇരട്ട ശതകം കുറിച്ചെങ്കിൽ രാജ്‌കോട്ട് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും അർധ ശതകം കുറിച്ച് സർഫറാസ് ഖാൻ ഏറെ കാത്തിരിപ്പുകൾക്ക് ശേഷമുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഏകദിനശൈലിയിൽ ബാറ്റ് വീശിയ ജയ്‌സ്വാൾ 236 പന്തിൽ നിന്ന് 214 റൺസാണ് അടിച്ചെടുത്തത്. 12 സിക്‌സും 14 ഫോറുമടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്‌സ്. 72 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്ന സർഫറാസ് ആദ്യ ഇന്നിങ്‌സിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്ന് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ വിജയത്തിന് ശേഷം ഇരുവരെയും വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ടായിരുന്നു. യശസ്വി സർഫറാസ് സഖ്യം അക്ഷരാർഥത്തിൽ ഇംഗ്ലണ്ടിന് ഡബിൾ ട്രബിളാവുകയായിരുന്നു എന്ന് സച്ചിന്‍ കുറിച്ചു.
'യശസ്വി- സർഫറാസ് സഖ്യം അക്ഷരാർഥത്തിൽ ഇംഗ്ലണ്ടിന് ഡബിൾ ട്രബിളാവുകയായിരുന്നു. മത്സരം ലൈവായി കാണാൻ എനിക്കായില്ല. എന്നാല്‍ ഇരുവരുടെയും ഇന്നിങ്‌സിനെ കുറിച്ച് കേട്ടപ്പോൾ ഏറെ സന്തോഷമായി. തുടരുക.''- സച്ചിന്‍ എക്സില്‍ കുറിച്ചു.
രാജ്‌കോട്ടിൽ ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലുമാവാതെയാണ് ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞത്. 434 റൺസിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 556 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 122 റൺസിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത് . 33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസാണുയർത്തിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് കൂടാരം കയറി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.