''നന്നായി തുടങ്ങും, പക്ഷേ അവസാനം പാളും''; നിരാശ പങ്കുവെച്ച് രാഹുല്‍ ദ്രാവിഡ്
|തോല്‍വിയില്‍ ഒഴിവുകഴിവ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിലെ നിരാശ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഓരോ മത്സരത്തിലും മികച്ച രീതിയില്‍ തുടങ്ങുമെങ്കിലും അവസാനമെത്തുമ്പോള്‍ കളി കൈവിടുന്ന അവസ്ഥയാണുള്ളതെന്ന് ദ്രാവിഡ് പറഞ്ഞു.
ഫോര്‍ത്ത് ഇന്നിങ്സില്‍ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍വെച്ചത്. എന്നിട്ടും ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. ഇത്രയും വലിയ വിജയലക്ഷ്യം ഉയര്‍ത്തിയിട്ട് ഇന്ത്യ തോല്ക്കുന്നതും ടെസ്റ്റ ്ചരിത്രത്തില്‍ ആദ്യമായാണ്.
ഇന്ത്യന്‍ ടീം ഓരോ മത്സരങ്ങളും ഓരോ പുതിയ പാഠമായി ആണ് കണക്കാക്കുന്നതെന്നും ഓരോ മത്സരത്തിൽ നിന്നും ടീമിന് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ആദ്യ ഇന്നിങ്സിലെ പ്രകടനം ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ആവര്‍ത്തിക്കാനായില്ല എന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ ഒഴിവുകഴിവ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ടെസ്റ്റിന്റെ മൂന്നാം ഇന്നിംഗ്സിൽ പരാജയപ്പെടുകയാണ്. ഇതുസംബന്ധിച്ച് സെലക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് എവേ മത്സരങ്ങളിലും ഇന്ത്യന്‍ ടീം സമാനമായ രീതിയിലാണ് തോല്‍വി വഴങ്ങിയത്.
അതേസമയം പൊതുവേ വിമര്‍ശകര്‍ കുറവുള്ള ദ്രാവിഡിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. യുവക്രിക്കറ്റര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡ് ഇക്കാലമത്രയും നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളെല്ലാം സീനിയര്‍ ടീമിന്റെ പരിശീലകനായതോടെ പാഴായി എന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. രവിശാസ്ത്രിയോ, ഗാരി കേസ്റ്റണോ ഇന്ത്യന്‍ പരിശീലകനായി തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.