സ്വപ്നം പൂവണിഞ്ഞു; അന്‍ഷിഫ് ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണും
|ഈ മാസം 26 ന് അൻഷിഫും വീട്ടുകാരും മഞ്ഞപ്പടക്കൊപ്പം കൊച്ചിയിലേക്ക് തിരിക്കും
വയനാട്: സെറിബ്രൽ പാൾസി രോഗബാധിതനും കേരള ബ്ലാസറ്റേഴ്സ് ആരാധകനുമായ 13 കാരൻ്റെ ആഗ്രഹം സഫലമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് താരങ്ങളോടൊപ്പം സെൽഫിയെടുക്കാനും കളി കാണാനുമുള്ള വയനാട് റിപ്പൺ സ്വദേശി അൻഷിഫിൻ്റെ ആഗ്രഹമാണ് മഞ്ഞപ്പട പൂവണിയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 26 ന് അൻഷിഫും വീട്ടുകാരും 'മഞ്ഞപ്പട'ക്കൊപ്പം കൊച്ചിയിലേക്ക് തിരിക്കും
കേരള ബ്ലാസ്റ്റേഴ്സിന്റെയും മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിൻ്റെയും, കെ പി രാഹുലിൻ്റെയും കടുത്ത ആരാധകനാണ് മൂപ്പൈനാട് റിപ്പൺ സ്വദേശി മുഹമ്മദ് അൻഷിഫ്. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ എല്ലാ കളികളും മുടങ്ങാതെ കാണും. കളിയുള്ള ദിവസം രാവിലെ മുതൽ തന്നെ ജേഴ്‌സി ധരിച്ച് നിൽക്കും. ഉറങ്ങുമ്പോഴും ജേഴ്‌സി ധരിക്കും.
കാലുകൾകൊണ്ട് റിമോട്ട് ഉപയോഗിച്ച് ചാനൽ മാറ്റുന്ന അൻഷിഫ് കളിയുള്ള ദിവസം മറ്റാർക്കും റിമോർട്ട് കൈമാറില്ല. ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ നേരിൽ കാണണമെന്നും കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്നുമുള്ള അൻഷിഫിൻ്റെ ആഗ്രഹം പ്രദേശവാസിയായ അഷ്റഫ് അലി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വിവരമറിഞ്ഞത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആരാധക കൂട്ടായ്മ കാര്യമറിയിച്ചപ്പാേൾ തന്നെ താരങ്ങളും ക്ലബും നിറഞ്ഞമനസ്സോടെ അംഗീകരിച്ചു.
കഴിഞ്ഞ ദിവസം അൻഷിഫിന്റെ വീട്ടിൽ നേരിട്ടെത്തിയ മഞ്ഞപ്പട സന്തോഷ വാർത്തക്കൊപ്പം, ക്ലബ്ബിൻറെ ടീഷർട്ടും സ്കാഫും അൻഷിഫിന് സമ്മാനിച്ചു. വാർത്ത കേട്ടപ്പോൾ അൻഷിഫിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 26 ന് ഹൈദ്രാബാദിന് എതിരെയുള്ള കളി കാണാൻ കുടുംബത്തോടൊപ്പം കൊച്ചിയിൽ അൻഷിഫുമുണ്ടാകും. ആർത്തിരമ്പുന്ന മഞ്ഞകടലിലൊരുവനാകാനും പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും പോകുന്നതിന്റെ ത്രില്ലിലാണ് അൻഷിഫിപ്പോൾ.