'ധോണി സ്ഥാനമൊഴിയുമ്പോള്‍ ഡ്രസ്സിങ് റൂം പൊട്ടിക്കരഞ്ഞു'; മനസ്സ് തുറന്ന് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്
|'ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഡ്രസ്സിങ് റൂം സാക്ഷിയായത്'
ചെന്നൈ: ഐ.പി.എൽ 2024 സീസണ് തൊട്ടുമുമ്പാണ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തി മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക പദവിയൊഴിഞ്ഞത്. 2008 മുതൽ ചെന്നൈയുടെ ക്യാപ്റ്റൻസിയിലുണ്ടായിരുന്ന താരം ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് നായക പദവിയൊഴിയുന്നത്. ധോണി ക്യാപ്റ്റൻസി ഒഴിയുന്ന സമയം ചെന്നൈയുടെ ഡ്രസ്സിങ് റൂം സാക്ഷിയായത് ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണെന്ന് മനസ്സ് തുറക്കുകയാണ് ഇപ്പോൾ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. പ്രഖ്യാപനമെത്തിയതോടെ പലരും പൊട്ടിക്കരഞ്ഞെന്ന് ഫ്ലെമിങ് പറഞ്ഞു.
''ഡ്രസ്സിങ് റൂമിലെ ആ നിമിഷങ്ങളെ എങ്ങനെ വിവരിക്കണം എന്നറിയില്ല. എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. നിറകണ്ണുകളോടെയാണ് ഏവരും ആ പ്രഖ്യാപനത്തെ വരവേറ്റത്. പിന്നീട് ഗെയ്ക്വാദിനെ സഹതാരങ്ങള്‍ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ഏറെ സംസാരിക്കുന്നയാളല്ല അവൻ. പക്ഷെ ചെന്നൈയെ ശരിയായ ദിശയിൽ നയിക്കാൻ ഗെയ്ക്വാദിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.''- ഫ്ലെമിങ് പറഞ്ഞു.
നായക പദവിയില്‍ ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ധോണി ഐ.പി.എല്ലിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ്. പത്ത് തവണ ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. 2008 ല്‍ ഐ.പി.എൽ തുടങ്ങിയ കാലം മുതൽക്ക് തന്നെ താരം ടീമിന്റെ നായക പദവിയിലുണ്ട്. അതിനിടെ രണ്ട് വർഷം പദവിയിൽ നിന്ന് മാറി നിന്നു. 2013 ൽ ടീമിന് വിലക്ക് വീണപ്പോഴും 2022 ൽ രവീന്ദ്ര ജഡേജയെ നായകസ്ഥാനത്ത് മാറ്റിപ്പരീക്ഷിച്ചപ്പോഴുമായിരുന്നു അത്. പിന്നീട് 2023 ൽ നായകപദവിയിൽ തിരിച്ചെത്തിയ ധോണി ടീമിനെ അഞ്ചാം കിരീടമണിയിച്ചു. 212 മത്സരങ്ങളിൽ നിന്ന് 128 ജയങ്ങളും 82 തോൽവികളുമാണ് ചെന്നൈ നായക പദവിയില്‍ ധോണിയുടെ അക്കൗണ്ടിലുള്ളത്.
ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ഗ്രൌണ്ടില് ധോണിയുടെ ശൗര്യത്തെ പ്രായം ഒട്ടും തളർത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ആര്.സി.ബിക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ട് ക്യാച്ചുകളും മനോഹരമായൊരു റണ്ണൗട്ടും ധോണിയുടെ ഗ്ലൗവിൽ നിന്ന് പിറന്നു.