ഉത്തേജക മരുന്ന്: ദ്യുതി ചന്ദിന് നാലു വര്‍ഷം വിലക്ക്
|100 മീറ്ററിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ച ദ്യുതി ചന്ദ് ഇന്ത്യയിലെ വേഗതയേറിയ വനിതാ കായിക താരമാണ്
ഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്ത്യൻ കായിക താരം ദ്യുതി ചന്ദിന് വിലക്ക്. നാല് വർഷത്തേക്കാണ് മൽസരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെതിരെ ദ്യുതി ചന്ദ് അപ്പീല്‍ നല്‍കും.
100 മീറ്ററിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ച ദ്യുതി ചന്ദ് ഇന്ത്യയിലെ വേഗതയേറിയ വനിതാ കായിക താരമാണ്. ഏഷ്യൻ ഗെയിംസിൽ രണ്ട് സിൽവർ മെഡലുകൾ നേടിയ താരത്തിൽ നിന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഡിസംബർ 5, 26 തിയ്യതികളിൽ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി ശേഖരിച്ച സാമ്പിളുകളിൽ സെലക്ടീവ് ആൻഡ്രോജൻ റെസപ്റ്റർ മോഡുലേറ്റർ അംശം കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 2023 ജനുവരി 3 മുതൽ 4 വർഷ വിലക്ക് പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. അതേസമയം വിലക്കിനെതിരെ ആൻ്റി ഡോപ്പിങ് ഡിസിപ്ലിനറി പാനലിനെ സമീപിക്കുമെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. ബോധപൂർവം ഉത്തേജക മരുന്ന് താൻ ഉപയോഗിച്ചിട്ടില്ല എന്നാണ് താരത്തിൻ്റെ വാദം. കടുത്ത പേശീ വേദന നേരിടുന്ന താരം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാകും പാനലിൽ അപ്പീൽ സമർപ്പിക്കുക.
Summary- Celebrated Indian sprinter Dutee Chand has been served with a four-year ban for failing an out-of-competition dope test for selective androgen receptor modulators in December last year.