ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലിൽ നിന്ന് വിരമിച്ചു; ഇനി ചെന്നൈക്കൊപ്പം പുതിയ റോളിൽ
|ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന ബ്രാവോ നേട്ടവുമായാണ് പടിയിറങ്ങുന്നത്.
വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ഡ്വെയ്ൻ ബ്രാവോ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന അത്രവേഗത്തിൽ തകരാൻ സാധ്യതയില്ലാത്ത നേട്ടവുമായാണ് പടിയിറങ്ങുന്നത്. വിരമിച്ചെങ്കിലും തന്റെ ഇഷ്ട ടീമായ ചെന്നൈക്കൊപ്പം മറ്റൊരു റോളിൽ തുടരുമെന്ന് ബ്രാവോ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത സീസണിൽ ചെന്നൈയുടെ ബോളിങ് പരിശീലകനായാണ് ബ്രാവോയുടെ പുതിയ നിയോഗം. നിലവിൽ ചെന്നൈയുടെ ബോളിങ് കോച്ചായ ബാലാജിക്ക് ഒരു വർഷത്തേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമിയുടെ ചുമതലയായിരിക്കും.
ആരാധകർക്കായി വിരമിക്കൽ അറിയിച്ച് വീഡിയോ സന്ദേശം ചെന്നൈ സൂപ്പർ കിങ്‌സിന്റെ പേജിലൂടെ താരം പുറത്തുവിട്ടിട്ടുണ്ട്.
'' കളിക്കളത്തിലെ എന്റെ നാളുകൾ കഴിഞ്ഞ ശേഷം ഇത്തരത്തിലൊരു റോൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കളിക്കാരനിൽ നിന്ന് പരിശീലകനാകുക എന്നത് എനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ല.''- ബ്രാവോ പറഞ്ഞു.
''ഇനിയുള്ള കരിയറിലെ ഏക വ്യത്യാസം മിഡ് ഓണിലോ മിഡ് ഓഫിലോ ഒരു ഫീൽഡറായി എനിക്ക് നിൽക്കാൻ സാധിക്കില്ല എന്നത് മാത്രമാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുക എന്ന ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്''- ബ്രാവോ കൂട്ടിച്ചേർത്തു.
15 വർഷത്തെ ഐപിഎൽ കരിയറിൽ 183 വിക്കറ്റുകളാണ് ബ്രാവോ നേടിയത്. ഐപിഎല്ലിന്റെ ആദ്യ സീസൺ (2008) മുതൽ ലീഗിന്റെ ഭാഗമായ ബ്രാവോയ്ക്ക് 2017 ൽ പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. 2008 മുതൽ 2010 വരെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ബ്രാവോയെ 2011 ൽ ചെന്നൈ സൂപ്പർ കിങ്‌സ് കൂടാരത്തിലെത്തിച്ചു. പിന്നീട് ഇങ്ങോട്ട് ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖങ്ങളിലൊന്നായി മാറുകയായിരുന്നു അദ്ദേഹം. ഡെത്ത് ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ ധോണിയുടെ വിശ്വസ്തനായ ബോളറായും ബാറ്റിങിൽ ധോണി വീണാൽ ഇന്നിങ്‌സ് ഫിനിഷ് ചെയ്യാനും കെൽപ്പുള്ള താരമായി ബ്രാവോ നില കൊണ്ടു. ചെന്നൈക്ക് വിലക്ക് ലഭിച്ച രണ്ടുവർഷം ഗുജറാത്ത് ലയൺസിനൊപ്പമായിരുന്നു അദ്ദേഹം.
ഡെത്ത് ഓവറുകളിൽ മാത്രം തന്റെ കരിയറിൽ 102 വിക്കറ്റുകൾ വീഴ്ത്തിയ ബോളറാണ് അദ്ദേഹം. അന്താരാഷ്ട്ര ട്വന്റി റെക്കോർഡാണിത്. 1115 ബോളുകളാണ് ഇതുവരെ ട്വന്റി-ട്വന്റിയിൽ ഡെത്ത് ഓവറുകളിൽ അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളത്. ബ്രാവോയുടെ കരിയറിന്റെ 36 ശതമാനം പന്തുകളും ചെയ്തിട്ടുള്ളത് ഡെത്ത് ഓവറുകളിലാണ്.
ഐപിഎൽ റെക്കോർഡിലേക്ക് വന്നാൽ ചെന്നൈക്ക് വേണ്ടി 144 മത്സരങ്ങളിൽ നിന്നായി 168 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 1556 റൺസും നേടി. ചെന്നൈയുടെ അഞ്ചിൽ നാല് കിരീടനേട്ടങ്ങളിലും ബ്രാവോ ഭാഗമായിരുന്നു. 2013 ലും 2015 ലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പർപ്പിൾ ക്യാപ്പും ബ്രാവോ നേടി. ബ്രാവോയെ കൂടാതെ ഭുവനേശ്വർ കുമാറിന് മാത്രമാണ് രണ്ട് തവണ പർപ്പിൾ ക്യാപ്പ് ലഭിച്ചിട്ടുള്ളത്.