Sports
മറഡോണയുടെ മരണം; എട്ട്  ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന്  കോടതി
Sports

മറഡോണയുടെ മരണം; എട്ട് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി

Web Desk
|
23 Jun 2022 6:53 AM GMT

എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

ബ്യൂണസ് ഐറിസ്: അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ ക്രിമിനൽ അനാസ്ഥ കാണിച്ചെന്നാരോപിച്ചു എട്ട് മെഡിക്കൽ ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി.വിചാരണയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ല. പ്രതികൾക്ക് എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മെഡിക്കൽ ഉദ്യോഗസ്ഥർ മറഡോണയെ പരിചരിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മറഡോണയുടെ ന്യൂറോസർജനും ഫാമിലി ഡോക്ടറുമായ ലിയോപോൾഡോ ലുക്ക്, സൈക്യാട്രിസ്റ്റായ അഗസ്റ്റിന കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഡയസ്, മെഡിക്കൽ കോ-ഓർഡിനേറ്റർ നാൻസി ഫോർലിനി, നഴ്സുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം പ്രതികൾ കുറ്റം നിഷേധിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടർന്ന് 2020ൽ 60ാം വയസിലാണ് മറഡോണ മരിക്കുന്നത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്നതിനിടെയിലായിരുന്നു മറഡോണയ്ക്ക് ഹൃദയാഘാതം വരുന്നത്. എന്നാൽ വേദന പ്രകടിപ്പിച്ചിട്ടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Similar Posts