Sports
സീസണ്‍ പൂര്‍ണമായും കളിക്കുക, അല്ലെങ്കില്‍ വരാന്‍ നില്‍ക്കരുത്; ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ പത്താന്‍
Sports

'സീസണ്‍ പൂര്‍ണമായും കളിക്കുക, അല്ലെങ്കില്‍ വരാന്‍ നില്‍ക്കരുത്'; ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ പത്താന്‍

Web Desk
|
16 May 2024 11:19 AM GMT

മികച്ച ഫോമിൽ കളിക്കുന്ന പല താരങ്ങളുടേയും അഭാവം ഫ്രാഞ്ചസികളുടെ പ്ലേ ഓഫ് പ്രവേശത്തെ വരെ സ്വാധീനിക്കും എന്നിരിക്കേ വലിയ വിമർശനമാണ് ഉയരുന്നത്

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി കഴിഞ്ഞ ദിവസമാണ് ജോസ് ബട്‌ലർ, ലിയാം ലിവിങ്‌സ്റ്റൺ,വിൽ ജാക്‌സ്, റീസ് ടോപ്ലി തുടങ്ങിയ താരങ്ങൾ ഐ.പി.എൽ മതിയാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ താരങ്ങളുടെ സേവനം ഫ്രാഞ്ചസികൾക്ക് നഷ്ടമാവും. ഇനിയും കൂടുതൽ താരങ്ങൾ സീസൺ അവസാനിക്കും മുമ്പേ ടീമുകൾ വിടുമെന്നാണ് സൂചന.

മികച്ച ഫോമിൽ കളിക്കുന്ന പല താരങ്ങളുടേയും അഭാവം ഫ്രാഞ്ചസികളുടെ പ്ലേ ഓഫ് പ്രവേശത്തെ വരെ സ്വാധീനിക്കും എന്നിരിക്കേ വലിയ വിമർശനമാണ് താരങ്ങള്‍ക്കെതിരെ ഉയരുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താനും സുനിൽ ഗവാസ്‌കറും കഴിഞ്ഞ ദിവസം ഇംഗ്ലീഷ് താരങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. ഒന്നുകിൽ സീസൺ മുഴുവനായി കളിക്കുക. അല്ലെങ്കിൽ കളിക്കാൻ വരാതിരിക്കുക. എന്നാണ് ഇർഫാൻ പത്താൻ എക്‌സിൽ കുറിച്ചത്.

താരങ്ങളുടെ പ്രതിഫലം വെട്ടിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കണമെന്നാണ് സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടത്.

'ഫ്രാഞ്ചസികൾക്ക് മുകളിലാണ് രാജ്യം എന്ന കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല. എന്നാൽ ഒരു സീസൺ പൂർണമായും കളിക്കുമെന്ന് ഉറപ്പ് നൽകുകയും അതിന് ശേഷം സീസൺ അവസാനിക്കും മുമ്പേ സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. രാജ്യങ്ങൾക്കായി കളിക്കുമ്പോൾ നേടുന്നതിനേക്കാൾ പ്രതിഫലം അവർക്ക് ഐ.പി.എല്ലിൽ കളിക്കുമ്പോൾ ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ച് പോവുന്നവരുടെ പ്രതിഫലം ഫ്രാഞ്ചസികൾ വെട്ടിക്കുറക്കണം'- ഗവാസ്കര്‍ പറഞ്ഞു.

Similar Posts