Sports
emiliano martinez

emiliano martinez

Sports

കാൻസർ രോഗികളായ കുട്ടികൾക്ക് എമിയുടെ കൈത്താങ്ങ്; ലോകകപ്പ് ഗ്ലൗ ലേലത്തിൽ വിറ്റത് വമ്പൻ തുകക്ക്‌

Web Desk
|
11 March 2023 5:45 AM GMT

'ലോകകപ്പ് ഫൈനല്‍ എല്ലാ ദിവസവും അരങ്ങേറില്ല. അത് കൊണ്ട് തന്നെ ആ ഗ്ലൗ എനിക്കേറെ വിലപ്പെട്ടതാണ്. പക്ഷെ കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാൾ വലുതല്ല എനിക്കത്'

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ വീരനായകനായിരുന്നു ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. കലാശപ്പോരിലടക്കം ടൂര്‍ണമെന്‍റില്‍ ഉടനീളം എമി നടത്തിയ മിന്നും പ്രകടനങ്ങളാണ് അര്‍ജന്‍റീനക്ക് കിരീടം സമ്മാനിച്ചത്. ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും എമിയായിരുന്നു.

കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിന് പുറത്തും താന്‍ ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ മാര്‍ട്ടിനസ്. ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം നടത്തി അര്‍ജന്‍റീനയെ കിരീടമണിയിച്ച താരം തന്‍റെ ലോകകപ്പ് ഗ്ലൗ ലേലത്തില്‍ വിറ്റിരിക്കുകയാണിപ്പോള്‍. അതില്‍ നിന്ന് സമാഹരിച്ച മുഴുവന്‍ തുകയും കാന്‍സര്‍ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് സംഭാവന ചെയ്തു.

ഏതാണ്ട് 45000 ഡോളറാണ്( 36 ലക്ഷം രൂപ) ലേലത്തിലൂടെ ലഭിച്ചത്. കലാശപ്പോരില്‍ ഫ്രാന്‍സിനെതിരെ അണിഞ്ഞ ഗ്ലൗവാണ് താരം ലേലത്തിന് വച്ചത്. കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാൾ വലുതല്ല തന്‍റെ ലോകകപ്പ് ഗ്ലൗ എന്ന് എമി ലേലത്തിന് ശേഷം പ്രതികരിച്ചു. ''ലോകകപ്പ് ഫൈനല്‍ എല്ലാ ദിവസവും അരങ്ങേറില്ല. അത് കൊണ്ട് തന്നെ ആ ഗ്ലൗ എനിക്കേറെ വിലപ്പെട്ടതാണ്. പക്ഷെ കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാൾ വലുതല്ല എനിക്കത്''- എമി പറഞ്ഞു.

ലോകകപ്പ് കലാശപ്പോരില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ എമിയുടെ മിന്നും സേവുകളാണ് അര്‍ജന്‍റീനക്ക് കിരീടംസമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 4-2 നായിരുന്നു അർജന്റീനയുടെ വിജയം


Similar Posts