ലോകകപ്പ് മെഡൽ കാക്കാൻ 19 ലക്ഷത്തിന്‍റെ പട്ടിയെ വാങ്ങി എമി മാർട്ടിനസ്
|യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന പട്ടിയെ 20,000 യൂറോ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്
തന്‍റെ ലോകകപ്പ് മെഡലിന് കാവലിരിക്കാന്‍ 20,000 യൂറോയുടെ പട്ടിയെ വാങ്ങി അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന പട്ടിയെ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ഡെയ്‍ലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ലോക കപ്പില്‍ അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് എമി മാർട്ടിനസ്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണ നീലപ്പടയുടെ രക്ഷകനായി 30കാരൻ. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് താരം.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസ് നടത്തിയ ആഘോഷ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
അര്‍ജന്‍റീന ദേശീയ ടീമില്‍ 2011ലാണ് എമി ഇടം പിടിക്കുന്നത്. എന്നാല്‍ ദേശീയ ടീമില്‍ തന്‍റെ അരങ്ങേറ്റത്തിനായി എമിക്ക് ഒരു പതിറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു. 2021 ജൂണിൽ ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. പിന്നീടങ്ങോട്ട് ലയണല്‍ സ്കലോണിയുടെ വിശ്വസ്തനായ കാവല്‍ക്കാരനാണ് എമി.