കളി പെട്ടെന്ന് തീര്‍ത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ നേരെ ഓടി, യൂറോ കാണാന്‍
|ജർമനിയെ ഇംഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.
ഫുട്ബോൾ, ബേസ്ബോള്‍, ക്രിക്കറ്റ് എന്നുള്ളതൊക്കെ വെറും പേരുകൾ മാത്രമല്ലേ ? കാണികൾക്കും കളിക്കാർക്കും എല്ലാം തരുന്നത് വേറെ ലെവൽ വൈബ് തന്നെ..! ഇത് സൂചിപ്പിച്ചുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.
ശ്രീലങ്കക്കെതിരായ ഏകദിന മത്സരം ജയിച്ച ഇംഗ്ലണ്ട് ടീം നേരെ ഓടിയെത്തിയത് ടി.വിക്ക് മുന്നിലേക്കാണ്. ജർമനിയും ഇംഗ്ലണ്ടും തമ്മിലെ യൂറോ കപ്പ് മത്സരം കാണാനാണ് ഇംഗ്ലീഷുകാർ പെട്ടെന്ന് കളി തീർത്ത് ക്രീസ് വിട്ടത്. ജർമനിയെ ഇംഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.
ചെസ്റ്ററിൽ നടന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ 42.3 ഓവറിൽ 185 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് 91 പന്തുകൾ ബാക്കിയിരിക്കെ, 34.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 21 പന്തിൽ 43 റൺസെടുത്ത ജോണി ബാരിസ്റ്റോ ട്വൻറി 20 മൂഡിലാണ് അടിച്ചുതുടങ്ങിയത്. തുടർന്ന് ഏതാനും വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും 79 റൺസെടുത്ത ജോ റൂട്ടും 28 റൺസെടുത്ത മുഈൻ അലിയും വിജയം ഉറപ്പിക്കുകയായിരുന്നു.
യൂറോയിൽ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ലണ്ടിനായി റഹിം സ്റ്റെർലിങ്ങും ഹരി കെയ്നുമാണ് ഗോൾ നേടിയത്.