Sports
Bangladesh ,Series ,Eng vs Ban,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,പരമ്പര

പരമ്പര തൂത്തുവാരിയ ആഹ്ലാദത്തില്‍ ബംഗ്ലാദേശ്

Sports

ഇംഗ്ലണ്ട് കോട്ടയില്‍ വൈറ്റ് വാഷടിച്ച് ബംഗ്ലാദേശ്; നാണംകെട്ട് ലോകചാമ്പ്യന്മാര്‍

Web Desk
|
14 March 2023 2:22 PM GMT

13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയില്‍ നിന്ന് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധത്തില്‍ തകർന്നടിയുകയായിരുന്നു. അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

കുട്ടിക്രിക്കറ്റിലെ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ് വീര്യം. മൂന്നാം ടി20യിലും വിജയം ആവര്‍ത്തിച്ചതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ച ബംഗ്ലാദേശ് രണ്ടാം ടി20യില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ മറികടന്നിരുന്നു. ഇന്ന് നടന്ന മൂന്നാം ടി20 യില്‍ 16 റണ്‍സിനായിരുന്നു ബംഗ്ലാ കടുവകളുടെ വിജയം.

ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയില്‍ നിന്ന് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധത്തില്‍ തകർന്നടിയുകയായിരുന്നു. അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

57 പന്തില്‍ 73 റണ്‍സുമായി ഇന്ന് മിന്നും പ്രകടനം നടത്തിയ ലിറ്റണ്‍ ദാസാണ് കളിയിലെ താരം, പ്ലെയര്‍ ഓഫ് ദ സീരീസായി ബംഗ്ലാദേശിന്‍റെ തന്നെ നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയെയും തെരഞ്ഞെടുത്തു.

ആദ്യ ടി 20 ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ജയിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഷാക്കിബുല്‍ ഹസനും സംഘവും മൂന്നാം മത്സരത്തിലും അതേ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ലിറ്റൻ ദാസും (57 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 73 റണ്‍സ്) റോണി താലുക്ദാറും (22 പന്തിൽ 24 റണ്‍സ്) ചേർന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്. 7.3 ഓവറിൽ ഇരുവരും ചേർന്ന് 55 റൺസാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്‍ ആറ് പന്തിൽ നാല് റൺസെടുത്ത് നിരാശപ്പെടുത്തിയെങ്കിലും ടീം സ്കോര്‍ അപ്പോഴേക്കും 150 കടന്നിരുന്നു.

159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 53 റൺസെടുത്ത ഓപ്പണർ ഡേവിഡ് മലാൻ ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ബംഗ്ലാദേശി​നായി ടസ്കിൻ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തൻവിർ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Similar Posts