മൂന്നിന് 56; രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
|ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 27 റൺസ് ലീഡ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപണർമാരായ കെ.എൽ രാഹുൽ, രോഹിത് ശർമ്മ, നായകൻ വിരാട് കോഹ്ലി എന്നിവരെ നഷ്ടമായി. ലഞ്ചിനു പിരിയുമ്പോൾ ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
ലോർഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 27 റൺസ് ലീഡ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപണർമാരായ കെ.എൽ രാഹുൽ, രോഹിത് ശർമ്മ, നായകൻ വിരാട് കോഹ്ലി എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. ലഞ്ചിനു പിരിയുമ്പോൾ മൂന്നിന് 56 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്സിനു സമാനമായ സമീപനത്തോടെയാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപണർമാരായ കെഎൽ രാഹുലും രോഹിത് ശർമയും കളി ആരംഭിച്ചത്. രാഹുൽ നിലയുറപ്പിച്ച് കളിച്ചപ്പോൾ രോഹിത് ആക്രമണമൂഡിലായിരുന്നു. എന്നാൽ, പത്താം ഓവറിൽ രാഹുലിന്റെ പ്രതിരോധം തകർന്നു. ജിമ്മി ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ 30 പന്തിൽ അഞ്ച് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ മടങ്ങിയതിനു പിറകെ പന്ത്രണ്ടാം ഓവറിൽ മാർക്ക് വുഡ് രോഹിതിനെയും പറഞ്ഞയച്ചു. മികച്ചൊരു ഇന്നിങ്സിന്റെ സൂചന നൽകിയ രോഹിതിന്(രണ്ട് ഫോറും ഒരു സിക്സും സഹിതം 21) പക്ഷെ വുഡിന്റെ പന്തിൽ അടിപതറി.
പിന്നാലെയെത്തിയ വിരാട് കോഹ്ലി രോഹിത് അവസാനിപ്പിച്ചേടത്തുനിന്നു തുടങ്ങുകയായിരുന്നു. അപ്പുറത്ത് പുജാരയെ സാക്ഷിനിർത്തി നാല് ബൗണ്ടറിയുമായി ആത്മവിശ്വാസത്തോടെ കളിച്ച നായകനെ സാം കറൻ പിടികൂടി. ഇത്തവണ ബട്ലറിനു ക്യാച്ച് നൽകിയായിരുന്നു നായകന്റെ(21) മടക്കം. ചേതേശ്വർ പുജാര 46 പന്തിൽ വെറും മൂന്നു റൺസുമായി ശക്തമായ പ്രതിരോധം തുടരുമ്പോൾ ഒരു റണ്ണുമായി ഉപനായകൻ അജിങ്ക്യ രഹാനെയാണ് കൂട്ടിനുള്ളത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 364 റൺസിന് മറുപടിയായി 391 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലീഷ് നായകൻ ജോ റൂട്ട് 180 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി സിറാജ് നാലും ഇഷാന്ത് ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ മൂന്നാം ദിനത്തിലെ അവസാന സെഷനിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.