Sports
Eoin Morgan

Eoin Morgan

Sports

മോര്‍ഗന്‍ മാജിക് ഇനിയില്ല; ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

Web Desk
|
13 Feb 2023 10:48 AM GMT

കഴിഞ്ഞ വർഷം ജൂലൈയിൽ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

മുൻ ഇംഗ്ലണ്ട് നായകന്‍ ഓയിൻ മോർഗൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം വിവിധ ലീഗുകളില്‍ സജീവമായിരുന്നു. ഇന്നാണ് ക്രിക്കറ്റിന്‍റെ മുഴുവൻ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

''വളരെ ആലോചനകൾക്ക് ശേഷമാണ് ഞാനീ തീരുമാനമെടുക്കുന്നത്. വർഷങ്ങളായി എനിക്ക് ഏറെ അംഗീകാരങ്ങള്‍ നേടിത്തന്ന ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു''- മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളാണ് ഓയിന്‍ മോര്‍ഗന്‍. 2019 ല്‍ ഇംഗ്ലണ്ട് ആദ്യ ലോകകിരീടം ഉയര്‍ത്തിയത് മോര്‍ഗന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. അയർലന്റ് ദേശീയ ടീമിനായി കളിച്ച് കരിയർ ആരംഭിച്ച മോർഗൻ 2009 ലാണ് ഇംഗ്ലണ്ടിലേക്ക് മാറുന്നത്.

ഇംഗ്ലണ്ടിനായി 248 ഏകദിനങ്ങളിൽ പാഡ് കെട്ടിയ മോർഗൻ 7701 റൺസ് നേടിയിട്ടുണ്ട്. ഒപ്പം 115 ടി20 മത്സരങ്ങളിൽ നിന്നായി 2548 റൺസും തന്റെ പേരിൽ കുറിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും കൂടുതല്‍ റണ്‍സ് നേടിയതും മോര്‍ഗന്‍ തന്നെ. 2015 ലാണ് മോർഗൻ ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. തൊട്ടടുത്ത വർഷം ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ച മോർഗൻ 2019 ൽ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ ഷെൽഫിലെത്തിച്ചു.

Related Tags :
Similar Posts